ഇന്ന് അധികാരത്തിലുള്ളവർ നാളെ അവിടെയുണ്ടാകില്ല: അതുൽ ശ്രീധരൻ
മദ്ധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്‌ജി
ന്യൂഡൽഹി: ഇന്ന് അധികാരത്തിലുള്ളവർ നാളെ അവിടെയുണ്ടാകില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ മലയാളി ജഡ്‌ജി അതുൽ ശ്രീധരൻ. അധികാരികൾ വാടകക്കാരാണെന്നും സ്വകാര്യ സ്വത്തല്ല കൈകാര്യം ചെയ്യുന്നതെന്നും ഉറുദു കവി രാഹത്ത് ഇൻഡോറിയുടെ വാക്കുകൾ കടമെടുത്ത് അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ രാജ്യത്തെ അറിയിച്ച കേണൽ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയാണെന്ന തരത്തിൽ മദ്ധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി വിജയ് ഷാ വിവാദപരാമർശം നടത്തിയിരുന്നു. മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് അതുൽ ശ്രീധരൻ ഉത്തരവിട്ടു. ഇതിനിടെ അദ്ദേഹത്തെ സ്ഥലംമാറ്റാനുള്ള നീക്കം വിവാദമായി. ആദ്യം ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചെങ്കിലും കേന്ദ്ര ഇടപെടലിനെ തുടർന്ന് അലഹബാദിലേക്ക് മാറ്റിയത് വലിയ ചർച്ചയായി. ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ സ്ഥാനമേറ്റിരുന്നെങ്കിൽ സീനിയോറിറ്റിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ അടുത്ത ജഡ്‌ജിയാകുമായിരുന്നു. അവിടെ ചീഫ് ജസ്റ്റിസാകാനും സാദ്ധ്യതയുണ്ടായിരുന്നു. എന്നാൽ, അലഹബാദ് ഹൈക്കോടതിയിൽ എത്തുമ്പോൾ സീനിയോറിറ്രിയിൽ ഏഴാമനാകും.