സി.ബി.ഐ, ഇ.ഡി ഭയപ്പെടുത്തൽ യഥാർത്ഥ കാട്ടുഭരണം: രാഹുൽ

Friday 07 November 2025 12:45 AM IST

ന്യൂഡൽഹി: സി.ബി.ഐ,ഇ.ഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌ത് ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് യഥാർത്ഥ കാട്ടു ഭരണം നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മഹാസഖ്യത്തിനെതിരെ ബി.ജെ.പി നടത്തുന്ന കാട്ടുഭരണം വിമർശനത്തെ പ്രതിരോധിച്ചാണ് അരാരിയിലെ റാലിയിൽ രാഹുലിന്റെ കടന്നാക്രമണം. വോട്ടു കൊള്ള നടത്താൻ ബീഹാറിലെ ജനങ്ങൾ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്,സി.ബി.ഐ,ആദായനികുതി തുടങ്ങിയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് ആളുകളെ ഭീഷണിപ്പെടുത്തിയും പ്രതിക്കൂട്ടിലാക്കിയുമാണ് ഡൽഹിയിൽ കാട്ടു ഭരണം നടത്തുന്നത്. തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുകയാണ് പ്രധാനമന്ത്രി മോദി. പക്ഷേ രാജ്യത്തെ വെറുപ്പിനാൽ നയിക്കാൻ കഴിയില്ല. ഹരിയാന,മഹാരാഷ്ട്ര,മദ്ധ്യപ്രദേശ്,ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലേതു പോലെ ബി.ജെ.പി സംസ്ഥാനത്ത് വോട്ടു മോഷണം നടത്താതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

ജോലിയും ഉപജീവനമാർഗ്ഗവും തേടി വിവിധ സ്ഥലങ്ങളിലേക്ക് ബീഹാറികൾക്ക് കുടിയേറേണ്ടി വരുന്നത് എൻ.ഡി.എ സർക്കാർ കാരണമാണെന്ന് ബീഹാറിലെ റാലിയിൽ പ്രിയങ്കാ ഗാന്ധി പറഞ്ഞു. കുടിയേറ്റക്കാരായി അവർ അപമാനം അനുഭവിക്കുന്നത് എൻ‌.ഡി‌.എ സർക്കാർ കാണുന്നില്ല.