ആർ.ജെ.ഡിയും കോൺഗ്രസും കടിച്ചു കീറും: നരേന്ദ്രമോദി
ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ശേഷം മഹാസഖ്യത്തിലെ ആർ.ജെ.ഡിയും കോൺഗ്രസും തമ്മിൽ കടിച്ചുകീറുന്ന കാഴ്‌ച കാണാമെന്ന് ബീഹാറിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. അരാരിയിലും ഭഗൽപൂരിലുമാണ് അദ്ദേഹം റാലി നടത്തിയത്.
സഖ്യകക്ഷികളാണെങ്കിലും പരസ്പരം അപകീർത്തിപ്പെടുത്താൻ പ്രവർത്തിക്കുന്നവരാണ് കോൺഗ്രസും ആർ.ജെ.ഡിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആർ.ജെ.ഡി ബാനറിൽ കോൺഗ്രസ് നേതാവിന്റെ ചിത്രം കണ്ടെത്താൻ പ്രയാസമാണ്. കോൺഗ്രസിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. പരസ്‌പരം ബഹുമാനിക്കില്ല. ആർ.ജെ.ഡി കോൺഗ്രസിന്റെ തലയിൽ തോക്ക് ചൂണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
ബീഹാറിൽ കാട്ടുഭരണം അവസാനിപ്പിക്കാൻ അമ്മമാരും സഹോദരിമാരും വോട്ട് ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. അതിനിടെ മോദിയുടെ റാലിയിൽ പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റു ചെയ്‌തു. 'ഇവിടെ, ദലിതർ പീഡിപ്പിക്കപ്പെടുന്നു' എന്നെഴുതിയ പോസ്റ്ററുമായി പ്രതിഷേധിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.