ഇന്ത്യൻ സമുദ്രത്തിന് കണ്ണാകാൻ 'ഇക്ഷക്"
കൊച്ചി: ഇന്ത്യ ആഭ്യന്തരമായി രൂപകല്പന ചെയ്‌തു നിർമ്മിച്ച, വൻകിട സർവേ കപ്പൽ 'ഇക്ഷക്" ഇനി ഇന്ത്യൻ സമുദ്രത്തിലെ മുഖ്യ കണ്ണാകും. നിരീക്ഷണ, സർവേ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന, അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഘടിപ്പിച്ച കപ്പലിനെ അടിയന്തരഘട്ടത്തിൽ ആശുപത്രിയായി മാറ്റാനാകും. ഇക്ഷക് എന്നാൽ വഴികാട്ടിയെന്നാണ് അർത്ഥം.
ഇരട്ട ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന കപ്പൽ നിർമ്മിച്ചത് കൊൽക്കത്ത
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ആണ്. ക്യാപ്‌റ്റൻ ത്രിഭുവൻ സിംഗാണ് കമാൻഡിംഗ് ഓഫീസർ.
ദക്ഷിണ നാവികത്താവളത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ തൃപാഠി കപ്പൽ കമ്മിഷൻ ചെയ്‌തു. വൈസ് അഡ്മിറൽ സമീർ സക്‌സേന, സർവേ വിഭാഗം കൺട്രോളർ ആർ.സ്വാമിനാഥൻ, കൊൽക്കത്ത ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ചെയർമാൻ കമ്മഡോർ പി.ആർ.ഹരി, കൊച്ചി കപ്പൽശാല ചെയർമാൻ മധു എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിന് കീഴിലാണ് ഇക്ഷക് പ്രവർത്തിക്കുക.
80% തദ്ദേശീയ വസ്തുക്കൾ
സർവേ കപ്പലുകളിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനം
80% നിർമ്മാണ വസ്‌തുക്കൾ തദ്ദേശീയം
സർവേക്ക് മൾട്ടിബീം എക്കോ സൗണ്ടർ
അടിത്തട്ടിൽ സർവേക്ക് റിമോട്ട് ഉപകരണം
നാല് സർവേ ബോട്ടുകൾ
അടിത്തട്ട് പരിശോധിക്കാൻ എച്ച്.ഡി ക്യാമറ
11,000 മീറ്റർ ആഴത്തിൽ പഠിക്കാൻ സെൻസറുകൾ
ഡെക്കിൽ ഹെലികോപ്‌ടർ ഇറക്കാൻ സൗകര്യം
വനിതകൾക്ക് പ്രത്യേക താമസസൗകര്യം
നീളം 110 മീറ്റർ
വീതി 16 മീറ്റർ
ഭാരം 3,400 ടൺ
വേഗത 16- 18 നോട്ടിക്കൽ മൈൽ
ഇന്ത്യൻ സമുദ്രത്തിലെ സർവേകൾക്ക് പുറമെ, സൗഹൃദ രാജ്യങ്ങൾക്കും ഇക്ഷകിന്റെ സേവനം ലഭ്യമാക്കും.
- അഡ്മിറൽ ദിനേഷ് കുമാർ തൃപാഠി,
നാവികസേനാ മേധാവി