നെല്ലു സംഭരണം അവതാളത്തിലായിട്ട് ആഴ്ചകളായി, മില്ലുകൾക്കു പകരം ഇനി സഹകരണ സംഘം കർഷകർക്ക് കൺഫ്യൂഷൻ
കോട്ടയം: സ്വകാര്യ മില്ലുകളുടെ സംഘടനാ നേതാക്കളുമായി സർക്കാർ നടത്തിയ തുടർചർച്ച പരാജയപ്പെട്ടതോടെ നെല്ലു സംഭരണം അവതാളത്തിലായി. 56 മില്ലുകളിൽ നിലവിൽ നാലു മില്ലുകൾ മാത്രമാണ് നെല്ലു സംഭരിക്കാൻ തയ്യാറായിട്ടുള്ളത്. സഹകരണ സംഘങ്ങൾ വഴി ഇനി നെല്ലു സംഭരിക്കാനാണ് സർക്കാർ നീക്കം. ഇതിനായി മന്ത്രിമാരായ വി.എൻ.വാസവൻ, കെ.കൃഷ്ണൻകുട്ടി, എം.ബി രാജേഷ് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ മന്ത്രി സഭാ യോഗം ചുമതലപ്പെടുത്തി. നാളെ യോഗം ചേർന്നു ഇതു സംബന്ധിച്ച ചർച്ച നടത്തും. അതേസമയം സംഘങ്ങൾ വഴിയുള്ള നെല്ല് സംഭരണം നേരത്തേ പരീക്ഷിച്ചു പരാജയപ്പെട്ടതാണെന്ന് കർഷകർ പറയുന്നു.
100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോൾ 68 കിലോ തിരിച്ചു നൽകണമെന്ന സർക്കാർ നിബന്ധന നഷ്ടകച്ചവടമാകുമെന്നതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് മില്ലുടമകളുടെ നിലപാട് .64. 5 കിലോ അരി തിരിച്ചു നൽകാമെന്ന ഡിമാൻഡിനു പകരം 65.5 കിലോ അരി മതി എന്ന നിബന്ധന മുഖ്യമന്ത്രി മുന്നോട്ടു വെച്ചെങ്കിലും മില്ലുകൾ അംഗീകരിച്ചില്ല.
സഹകരണ സ ംഘം പണ്ട് പാളിയ പരീക്ഷണം
മതിയായ ഗോഡൗൺ സൗകര്യം സഹകരണ സംഘങ്ങൾക്കില്ല. വാടകയ്ക്ക് സ്ഥലം കണ്ടെത്തണം. നെല്ല് എത്തിച്ചാലും സർക്കാർ മില്ലുകൾ നാമമാത്രമായ സാഹചര്യത്തിൽ സ്വകാര്യമില്ലുകളുടെ സഹായമില്ലാതെ അരിയാക്കാനാവില്ല. ഇത് മനസിലാക്കിയാണ് മില്ലുകൾ നിലപാടിൽ ഉറച്ചു നിൽക്കുന്നത്.
സ്വകാര്യ മില്ലുകളുമായുള്ള തർക്കം കാരണം സംഭരണം നിലച്ചതോടെ രണ്ടാഴ്ചയിലേറെയായി കൊയ്തു കഴിഞ്ഞ പാടങ്ങളിൽ നെല്ല് കൂടി കിടക്കുകയാണ്. കുട്ടനാട്ടിൽ രണ്ടു മില്ലുകൾ സംഭരണത്തിനുണ്ടെങ്കിലും കോട്ടയം ജില്ലയിൽ ആരുമെത്തിയില്ല. മഴയില്ലെങ്കിലും അമിതമായ ചൂട് കാരണം തൂക്കം കുറയും. പതിരും കൂടുമെന്ന് കർഷകർ പറയുന്നു. പല പാടങ്ങളും കൊയ്യാതെ ഇട്ടിരിക്കുന്നതിനാൽനെല്ല് കൂടുതൽ മൂപ്പായി.
നെല്ല് പാടത്തു കൂടികിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. മില്ലുകളുമായി സർക്കാർ ചർച്ച നടത്തുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല . പരിമിത സൗകര്യങ്ങളുള്ള സഹകരണ സംഘങ്ങൾ നെല്ല് സംഭരിച്ചാൽ പണം എന്ന് കിട്ടുമെന്ന് ഉറപ്പില്ല. ഉടൻ പണമെന്ന മന്ത്രിയുടെ വാക്കിൽ വിശ്വാസം പോര.
രാജ് മോഹൻ,നെൽ കർഷകൻ