മംദാനിക്ക് ട്രംപിന്റെ മുന്നറിയിപ്പ് : 'സൂക്ഷിച്ച് പെരുമാറണം, ഇല്ലെങ്കിൽ...!"
വാഷിംഗ്ടൺ: ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നോട് നല്ലരീതിയിൽ പെരുമാറുന്നതാണ് മംദാനിക്ക് നല്ലതെന്നും തന്റെ അംഗീകാരം കൂടാതെ ഒന്നും നടക്കില്ലെന്ന് ഓർക്കണമെന്നും ട്രംപ് പറഞ്ഞു.
'മംദാനി നടത്തിയ വിജയ പ്രസംഗം വളരെ ദേഷ്യത്തോടെയുള്ളതായിരുന്നു. പ്രത്യേകിച്ച് തന്നോടായിരുന്നു ദേഷ്യം. തുടക്കം തന്നെ മോശമായി. വാഷിംഗ്ടണിനെ (ഫെഡറൽ സർക്കാരിനെ) ബഹുമാനിക്കാതെ മുന്നോട്ടുപോകാനാകില്ല " - ട്രംപ് പറഞ്ഞു. ട്രംപുമായി ഏറ്റുമുട്ടാൻ തയ്യാറെന്ന് പ്രസംഗത്തിനിടെ മംദാനി വെല്ലുവിളിച്ചിരുന്നു.
ഇടതുപക്ഷ ആശയക്കാരനായ മംദാനി ജയിച്ചാൽ ന്യൂയോർക്ക് സിറ്റിയ്ക്കുള്ള ഫെഡറൽ ധനസഹായം തടയുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. അതേ സമയം, വിലക്കയറ്റം പോലുള്ള വിഷയങ്ങളിൽ ട്രംപുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് മംദാനിയുടെ നിലപാട്. ഇന്ത്യൻ വംശജനായ മംദാനി ന്യൂയോർക്ക് സിറ്റിയിലെ ആദ്യ മുസ്ലീം മേയറാണ്. ട്രംപിന്റെ കടുത്ത വിമർശകനായ മംദാനി സലാം ബോംബെ, മൺസൂൺ വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഇന്ത്യൻ-അമേരിക്കൻ സംവിധായിക മീര നായരുടെ മകനാണ്.
# ബഹുമാനം കാട്ടൂ !
(ട്രംപിന്റെ മുന്നറിയിപ്പുകൾ)
1. മംദാനി ന്യൂയോർക്ക് സിറ്റിയെ കമ്മ്യൂണിസ്റ്റ് ക്യൂബയോ വെനസ്വേലയോ ആക്കി മാറ്റും. ജനങ്ങൾക്ക് ഫ്ലോറിഡയിലേക്ക് പലായനം ചെയ്യേണ്ട ഗതിവരും. കമ്മ്യൂണിസം വിജയിക്കില്ല
2. ഡെമോക്രാറ്റിക് നേതാവായ മംദാനിയുടെ ജയത്തോടെ അമേരിക്കയ്ക്ക് അതിന്റെ പരമാധികാരത്തിൽ അല്പം നഷ്ടം സംഭവിച്ചു. എന്നാൽ അത് തങ്ങൾ ശരിയാക്കിയെടുക്കും
3. ന്യൂയോർക്കിന്റെ നല്ലതിനായി ചെറിയ സഹായങ്ങൾക്ക് തങ്ങൾ തയ്യാറാണ്. എന്നാൽ തങ്ങളോട് മംദാനി ബഹുമാനം കാട്ടണം