കലാപ ഭൂമിയായി പാക് അധീന കാശ്‌മീർ: പാക് സർക്കാരിനെതിരെ ജെൻ സി പ്രക്ഷോഭം
ഇസ്ലാമാബാദ്: നേപ്പാളിലെയും ബംഗ്ലാദേശിലെയും പ്രക്ഷോഭങ്ങൾ മാതൃകയാക്കി യുവജനങ്ങൾ (ജെൻ സി) പാക് സർക്കാരിനെതിരെ കലാപവുമായി തെരുവിലിറങ്ങിയതോടെ പാക് അധീന കാശ്മീരിൽ വീണ്ടും സംഘർഷം. വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ചൊവ്വാഴ്ച മുസഫറാബാദിലെ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പ്രക്ഷോഭങ്ങളുടെ തുടക്കം.
ഫീസ് വർദ്ധനവ് അടക്കമുള്ള പരാതികൾ പരിഹരിക്കണമെന്ന് കാട്ടി സമാധാനപരമായി തുടങ്ങിയ പ്രതിഷേധം ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനും സൈന്യത്തിനും എതിരെയുള്ള ക്ഷുഭിതമായ പ്രക്ഷോഭമായി തെരുവിലേക്ക് പടരുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന് മുന്നിൽ വച്ച് അജ്ഞാതൻ പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവയ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു.
പതിറ്റാണ്ടുകളായി പാക് ഭരണകൂടം നടത്തുന്ന സാമ്പത്തിക ചൂഷണത്തിലും രാഷ്ട്രീയ അടിച്ചമർത്തലിലും മോശം ഭരണത്തിലും പാക് അധീന കാശ്മീരിലെ യുവാക്കൾ കടുത്ത നിരാശ പ്രകടിപ്പിക്കുന്നു. വ്യാപാരികൾ, ആക്ടിവിസ്റ്റുകൾ, അവകാശ ഗ്രൂപ്പുകൾ എന്നിവയുടെ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) പിന്തുണ പ്രക്ഷോഭകർക്കുണ്ട്.
ആശങ്കയിൽ സർക്കാർ
പാക് സർക്കാർ അതീവ ജാഗ്രതയിലാണ്. പ്രക്ഷോഭം വഷളായാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. ബലൂചിസ്ഥാൻ പോലുള്ള വിമത മേഖലകളിൽ സമാന പ്രക്ഷോഭങ്ങളുണ്ടായേക്കാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ മുസഫറാബാദ് യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ് യൂണിയനുകളെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും സർക്കാർ വിലക്കി. നൂറുകണക്കിന് പൊലീസുകാരെ തെരുവുകളിൽ വിന്യസിച്ചു. മേഖലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്. ചിലയിടങ്ങളിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഫീസ് കുറയ്ക്കണം
(വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ)
യൂണിവേഴ്സിറ്റി,സെമസ്റ്റർ ഫീസുകൾ കുറയ്ക്കണം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയ ഫീസും കുറയ്ക്കണം
ഇ-മാർക്കിംഗ് മൂല്യനിർണയ സംവിധാനം എടുത്തുകളയണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
രാഷ്ട്രീയ അടിച്ചമർത്തൽ, അന്യായ അറസ്റ്റുകൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ അവസാനിപ്പിക്കണം
മടുത്ത് ജനം
അവകാശ ലംഘനങ്ങൾക്കെതിരെ സെപ്‌തംബർ 29ന് പാക് അധീന കാശ്മീരിലെ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. സൈന്യത്തിന്റെ വെടിവയ്പിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതോടെ പാകിസ്ഥാനെതിരെ അന്താരാഷ്ട്രതലത്തിൽ വിമർശനം ഉയർന്നു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാരിന് ഉറപ്പ് നൽകേണ്ടി വന്നതോടെയാണ് ഒരാഴ്ച നീണ്ട പ്രക്ഷോഭം തണുത്തത്. വാഗ്‌ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങുമെന്നാണ് ജനങ്ങളുടെ മുന്നറിയിപ്പ്.