ട്രംപിന്റെ തീരുവ പ്രയോഗം: നിയമ സാധുത ചോദ്യം ചെയ്‌ത് സുപ്രീംകോടതി
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള തീരുവകളുടെ നിയമ സാധുതയിൽ സംശയം ഉന്നയിച്ച് യു.എസ് സുപ്രീം കോടതി. ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തിന്റെയും മെക്സിക്കോ, കാനഡ, ചൈന എന്നിവർക്ക് മേൽ ഫെബ്രുവരിയിൽ ചുമത്തിയ പ്രത്യേക തീരുവകളുമായും ബന്ധപ്പെട്ട കേസിൽ സർക്കാർ വാദം കേൾക്കുകയായിരുന്നു കോടതി.
യു.എസിന് പുറത്ത് നിന്നുള്ള അസാധാരണമായ ഭീഷണികളോട് പ്രതികരിക്കാൻ പ്രസിഡന്റുമാർക്ക് വിശാലമായ അധികാരം നൽകുന്ന ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐ.ഇ.ഇ.പി.എ) പ്രകാരമാണ് ട്രംപ് പകരച്ചുങ്കങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ ട്രംപിന്റെ തീരുവ പ്രയോഗം എപ്രകാരം ഐ.ഇ.ഇ.പി.എയ്ക്ക് കീഴിൽ വരുമെന്നാണ് ജഡ്ജിമാരുടെ ചോദ്യം.
കോൺഗ്രസിന്റെ അനുമതിയില്ലാതെ നിയമം പ്രയോഗിച്ചതിനെ വിമർശിക്കുകയും ചെയ്തു. കേസിൽ വിധി ഉടൻ ഉണ്ടാകില്ല. ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമാണെന്ന് രണ്ട് കീഴക്കോടതികൾ നേരത്തെ ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ അന്തിമ വിധി വരുംവരെ തീരുവകൾ നിലനിൽക്കും. സുപ്രീംകോടതിയിലെ 9 ജസ്റ്റിസുമാരിൽ ആറ് പേരെയും ട്രംപ് അടക്കം റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ നിയമിച്ചതാണ്.