700 വിമാനങ്ങൾ റദ്ദാക്കി, ഈ രാജ്യത്തെ പ്രവാസികൾ ഉൾപ്പെടെ ദുരിതത്തിലായി; വരും ദിവസങ്ങളിലും ടിക്കറ്റ് ലഭിക്കില്ല

Friday 07 November 2025 10:19 AM IST

വാഷിംഗ്‌ടൺ: സർക്കാർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസിലെ വിമാന സ‌ർവീസുകൾ വെട്ടിക്കുറച്ചു. രാജ്യത്തെ പ്രമുഖ എയർലൈനുകൾ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. വിമാന ഗതാഗത വിവരങ്ങൾ നൽകുന്ന ഫ്ലൈറ്റ് അവേർ എന്ന വെബ്‌സൈറ്റിലെ കണക്കുപ്രകാരം, ഇന്ന് ഷെഡ്യൂൾ ചെയ്‌തിരുന്ന 700ലധികം വിമാനങ്ങളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നവംബർ 14ഓടെ പത്ത് ശതമാനം സ‌ർവീസുകൾ വെട്ടിക്കുറയ്‌ക്കും.

പ്രാദേശിക സമയം രാവിലെ ആറ് മുതൽ പത്ത് മണിവരെയായിരിക്കും നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. വാണിജ്യ എയർലൈനുകളെയും ഇത് ബാധിക്കും. ന്യൂയോർക്ക്, ഹ്യൂസ്റ്റൺ, ചിക്കാഗോ, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ മെട്രോപൊളിറ്റൻ പ്രദേശങ്ങൾ, അറ്റ്‌ലാന്റ, ഡാളസ്, ഡെൻവർ, ലോസ് ഏഞ്ചൽസ്, ഷാർലറ്റ്, നോർത്ത് കരോലിന തുടങ്ങിയ വ്യോമയാന കേന്ദ്രങ്ങൾ ഉൾപ്പെടെ യുഎസിലുടനീളമുള്ള 40 വിമാനത്താവളങ്ങളിലെ വിമാന സർവീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നിലവിൽ ആഭ്യന്തര വിമാന സർവീസുകളെ മാത്രമേ വെട്ടിക്കുറയ്‌ക്കൽ ബാധിക്കുകയുള്ളു. അന്താരാഷ്‌ട്ര വിമാന സർവീസുകളെ ഇത് ബാധിക്കില്ലെന്നാണ് വിവരം. എന്നിരുന്നാലും വരും ദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടായേക്കാമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഫ്ലൈറ്റ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്‌തിട്ടുള്ളവർ വിമാനക്കമ്പനികളുടെ മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റിലൂടെ എത്രയും വേഗം റീബുക്ക് ചെയ്യാനാണ് നിർദേശം. യാത്രക്കാർക്ക് കൂടുതൽ സംശയമുണ്ടെങ്കിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടാവുന്നതാണ്. നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കിയതിനാൽ ലഭ്യമായ സീറ്റുകളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നും ആദ്യം റീബുക്ക് ചെയ്യുന്നവർക്ക് ആദ്യം ടിക്കറ്റ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. പല വിമാനങ്ങളിലും വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രമേ ബാക്കിയുള്ളു. എന്നാൽ, റീഫണ്ടിനെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

രാജ്യത്തെ അടച്ചുപൂട്ടൽ മൂലം എയർ ട്രാഫിക് കൺട്രോളർമാർ ഉൾപ്പെടെ പതിനായിരക്കണക്കിനുപേർക്കാണ് തൊഴിൽ നഷ്‌ടപ്പെട്ടത്. 13,000 എയർ ട്രാഫിക് കൺട്രോളർമാരും 50,000 ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്റുമാരും ശമ്പളമില്ലാതെ നിർബന്ധിതാവസ്ഥയിൽ ജോലി ചെയ്യുകയാണ്. എയർ ട്രാഫിക് കൺട്രോളർമാർ അമിത ജോലി സമ്മർദം നേരിടുന്നതുമൂലം യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ‌ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതെന്ന് എഫ്എഎ ഉത്തരവിൽ പറയുന്നുണ്ട്.