എയർട്രാഫിക് കൺട്രോൾ സംവിധാനത്തിൽ തകരാർ, ഡൽഹി വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകുന്നു

Friday 07 November 2025 10:32 AM IST

ന്യൂഡൽഹി: എയർട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ഡൽഹി അന്താരാഷട്ര വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിമാനത്താവള അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ടത്. ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ വിമാനക്കമ്പനികളെ ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യാത്രക്കാർക്ക് നേരിട്ട പ്രയാസം പരിഹരിക്കാൻ ജീവനക്കാർ എല്ലാവിധ സഹായവും നൽകുന്നതായി എയർഇന്ത്യ അറിയിച്ചു. അപ്രതീക്ഷിതമായ പ്രതിസന്ധിയിൽ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇത് തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും എയർഇന്ത്യ വിശദീകരിച്ചു. ഇൻഡിഗോ, സ്‌പൈസ്ജെറ്റ് വിമാനക്കമ്പനികളും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഡൽഹിയിലേത്. ദിവസവും 1,550ൽ അധികം വിമാനങ്ങളാണ് ഇവിടെ നിന്നും സർവീസ് നടത്തുന്നത്.