വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഇനി തെരുവുനായ്‌ക്കളെ കാണരുത്; നിർണായക ഉത്തരവ്
ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് - റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ പൂർണമായും നീക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. നായ്‌ക്കളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരുടെ അധികാരപരിധിയിലുള്ള പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവയെല്ലാം നിരീക്ഷിച്ച് തെരുവുനായ്‌ക്കളെ മാറ്റാനും കോടതി നിർദേശിച്ചു. തെരുവുനായ്‌ക്കൾ പ്രവേശിക്കുന്നത് തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ശരിയായ മതിലോ വേലിയോ കെട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാരോട് കോടതി ആവശ്യപ്പെട്ടു. ഈ സ്ഥലങ്ങളിൽ തെരുവുനായ്‌ക്കളില്ലെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധനകൾ നടത്തണം. പിടികൂടിയ തെരുവുനായ്‌ക്കളെ അതേസ്ഥലത്ത് തന്നെ വീണ്ടും തിരികെ വിടരുതെന്നും കോടതി കർശനമായി നിർദേശിച്ചു.