ഭയമെന്ന സങ്കല്പസൃഷ്ടി (അമൃതകിരണം)
ഒരു മകൾ ദർശനവേളയിൽ അമ്മയോടു പറഞ്ഞു. 'കുറച്ചു നാളായി എനിക്കു സുഖമില്ല. ഡോക്ടറെ കണ്ടു. അദ്ദേഹം ടെസ്റ്റുകൾ നടത്തി, മരുന്നുകൾ തന്നു. കുറച്ചുകൂടി ടെസ്റ്റുകൾ നടത്താൻ തയ്യാറെടുപ്പോടെ വീണ്ടും വരണമെന്നു പറഞ്ഞു. പക്ഷേ ഭയംകാരണം ഞാൻ പോയില്ല." 'എന്തുകൊണ്ടാണ് ടെസ്റ്റിന് പോകാതിരുന്നത്?" 'ഞാൻ എന്റെ ലക്ഷണങ്ങൾ ഇന്റർനെറ്റിൽ നോക്കിയപ്പോൾ ആ ലക്ഷണങ്ങൾ ക്യാൻസർ രോഗികളിൽ കാണാറുണ്ടെന്നറിഞ്ഞു. അതോടെ എനിക്ക് വല്ലാത്ത ഭയം തോന്നി." ഇത്രയും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് തുടർന്നു. 'ഇനി എത്രനാൾ ഞാൻ ജീവനോടെ ഉണ്ടാകുമെന്നറിയില്ലല്ലോ എന്നോർത്തപ്പോൾ എന്റെ ശക്തിയെല്ലാം ചോർന്നുപോയി. ടെൻഷനും ഭയവും കാരണം ഉറക്കമില്ലാതായി. ഉറക്കഗുളിക കഴിച്ചാൽ പോലും ശരിക്ക് ഉറക്കം കിട്ടാതായി. വിഷാദം കാരണം വീടിനു പുറത്തിറങ്ങാൻ പോലും മനസനുവദിച്ചില്ല. അതുകൊണ്ടാണ് ഞാൻ ഡോക്ടറെ കാണാതിരുന്നത്." 'ഡോക്ടർ തന്നെ മരുന്നുകൊണ്ട് അല്പം ആശ്വാസമുണ്ടായെങ്കിലും ശാരീരികവും മാനസികവുമായ ക്ഷീണം ഒട്ടും കുറഞ്ഞില്ല. അതോടെ ഞാൻ ജോലിക്കു പോകാതായി. എങ്ങനെയെങ്കിലും മരിച്ചാൽ മതിയെന്ന ഒറ്റ ചിന്ത മാത്രമേ ഇപ്പോഴുള്ളു."
അമ്മ പറഞ്ഞു, 'മോൾ ഒരിക്കലും ആത്മഹത്യയെക്കുറിച്ചു ചിന്തിക്കരുത്. ജീവൻ എത്ര വിലപ്പെട്ടതാണ് ! അതു രക്ഷിക്കാൻ എത്ര പണമാണ് മനുഷ്യർ ചെലവഴിക്കുന്നത്. ജീവിതം അവസാനിപ്പിക്കാനുള്ള അധികാരം നമുക്കാർക്കുമില്ല. മോൾക്ക് കാര്യമായി എന്തെങ്കിലും രോഗമുണ്ടെന്നു അമ്മയ്ക്കു തോന്നുന്നില്ല. മോൾ ഉടൻതന്നെ ഡോക്ടറെക്കണ്ട് വിശദമായി പരിശോധിപ്പിക്കണം." പിന്നീടു കണ്ടപ്പോൾ ആ മോൾ വളരെ സന്തുഷ്ടയായിരുന്നു. അവൾ പറഞ്ഞു. 'അമ്മ പറഞ്ഞതനുസരിച്ച് ഞാൻ ഡോക്ടറെ കണ്ടു. ടെസ്റ്റുകൾ നടത്തി. അസിഡിറ്റി കാരണമാണ് എനിക്ക് ഭക്ഷണം ശരിക്കു കഴിക്കാൻ കഴിയാതിരുന്നത്. കാര്യമായ മറ്റു രോഗമൊന്നും കണ്ടില്ല. ഇപ്പോൾ ഞാൻ ജോലിക്കു പോകുന്നുണ്ട്. പ്രശ്നമൊന്നുമില്ല."
നമ്മളിൽ പലരും ഓരോന്ന് ചിന്തിച്ച് വൃഥാ ഭയപ്പെടുകയാണ്. ഭാവിയെക്കുറിച്ചുള്ള അമിതമായ ഭയവും ആശങ്കയും നമ്മുടെ മനോധൈര്യത്തെ ചോർത്തിക്കളയുന്നു. മനസ് തളർന്നുപോകുന്നതോടെ ജീവിതസാഹചര്യങ്ങളെ നേരിടുവാൻ നമ്മൾ അശക്തരായിത്തീരുന്നു. ജീവിതത്തിൽ സന്തോഷവും ശാന്തിയും അനുഭവിക്കുന്നതിനുള്ള ഏറ്റവും വലിയ തടസങ്ങളിലൊന്നാണ് ഭയം. ചിലർക്കു മരണഭയം, ചിലർക്കു രോഗഭയം. ചിലർക്ക് ശത്രുഭയം. പലർക്കും എന്തെങ്കിലും ചെയ്യാനും ചെയ്യാതിരിക്കാനും ഭയമാണ്. ഊണിലും ഉറക്കത്തിലും ഭയം മനുഷ്യനെ വേട്ടയാടുകയാണ്. നമ്മുടെ മിക്ക ഭയങ്ങൾക്കും കാര്യമായ അടിസ്ഥാനം ഒന്നുമില്ല എന്നതാണ് സത്യം.
ഈശ്വരൻ നമുക്കെല്ലാം ഭാവന ചെയ്യാനുള്ള കഴിവു നൽകിയിട്ടുണ്ട്. നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ ഈ കഴിവിനെ നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. മറിച്ച് ഭാവിയെക്കുറിച്ച് അനാവശ്യമായി ഭയപ്പെടുകയും ഉത്‌കണ്ഠപ്പെടുകയും ചെയ്യുന്നവർ ഭാവനാശക്തിയെ ദുരുപയോഗം ചെയ്യുകയാണ്. ചന്ദനമരത്തിന്റെ മൂല്യമറിയാതെ അതിനെ കൽക്കരിയാക്കി മാറ്റുന്നവരെപ്പോലെയാണവർ. ശാന്തതയുടെ വിവേകത്തോടെ പ്രശ്നങ്ങളെ നേരിട്ടാൽ നിർഭയരായിരിക്കാൻ നമുക്ക് കഴിയും. ഏതു പ്രശ്നത്തെയും നേരിടാനുള്ള ശക്തി അതു തരും.