'മഹാനായ മനുഷ്യനാണ് മോദി', അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്ന് ട്രംപിന്റെ സൂചന
വാഷിംഗ്‌ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ എത്തുമെന്ന സൂചനയും ട്രംപ് നൽകി. വൈറ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോദി മഹാനായ മനുഷ്യനാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. റഷ്യയിൽ നിന്ന് പെട്രോളിയം വാങ്ങുന്നത് ഇന്ത്യ വളരെയധികം കുറച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനായി താൻ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും' - ട്രംപ് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിലെ നേതാക്കൾ എത്തും. എന്നാൽ, കനത്ത തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തെത്തുടർന്ന് ക്വാഡ് ഉച്ചകോടിയിൽ ട്രംപ് വരില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ് സൂചന നൽകിയത്.
അതേസമയം ഇന്ത്യ- പാകിസ്ഥാൻ യുദ്ധം അവസാനിപ്പിക്കാൻ കാരണം താനാണെന്ന് ട്രംപ് ആവർത്തിച്ചു. വ്യാപാര സമ്മർദ്ദം ഉപയോഗിച്ചാണ് താൻ രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത്. യുഎസ് വ്യാപാരം നടത്തില്ലെന്ന് ഇരുരാജ്യത്തിന്റെയും നേതാക്കളോട് പറഞ്ഞു. ഇതിനെല്ലാം കാരണം തീരുവയാണ്. തീരുവ ഇല്ലായിരുന്നെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലായിരുന്നു. ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ എട്ട് വിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് പറഞ്ഞു.