വ്ലോഗറുടെ ബോഡി ഷെയ്‌മിംഗ് ചോദ്യം, ഗൗരി കിഷനെ പിന്തുണയ്ക്കാത്തതിൽ വിശദീകരണവുമായി നടൻ
പുതിയ തമിഴ് സിനിമയുടെ പ്രമോഷനിടയിൽ നടി ഗൗരി കിഷനെ വ്ലോഗർ ശരീര അധിക്ഷേപം നടത്തിയപ്പോൾ സംവിധായകനും നടനും പ്രതികരിക്കാതിരുന്നതിൽ വിമർശനങ്ങൾ ഉയരുകയാണ്. ഗൗരി നായികയായി എത്തുന്ന അദേഴ്സ് എന്ന സിനിമയുടെ ചെന്നൈയിലെ പ്രമോഷൻ പരിപാടിക്കിടയിലായിരുന്നു സംഭവം. ഇപ്പോഴിതാ വ്ലോഗറുടെ അധിക്ഷേപ ചോദ്യത്തിൽ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയിലെ നടൻ ആദിത്യ മാധവൻ. ഗായിക ചിൻമയി പങ്കുവച്ച പോസ്റ്റിന് താഴെ കമന്റ് ചെയ്താണ് നടൻ പ്രതികരിച്ചത്.
മൗനം ബോഡി ഷെയ്മിംഗിനുള്ള പിന്തുണ അല്ലെന്നും അരങ്ങേറ്റ ചിത്രം ആയതിനാൽ പകച്ചുപോയെന്നുമായിരുന്നു ആദിത്യയുടെ പ്രതികരണം. എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഉടൻ പ്രതികരിക്കേണ്ടതായിരുന്നു. ക്ഷമ ചോദിക്കുന്നുവെന്ന് ആദിത്യ കൂട്ടിച്ചേർത്തു.
പരിപാടിക്കിടയിൽ ശരീരഭാരം എത്രയാണെന്ന് ഒരു വ്ളോഗർ ചോദിച്ചതോടെയാണ് ഗൗരി ചുട്ടമറുപടി നൽകിയത്. വ്ലോഗർ മാപ്പുപറയണമെന്നും നടി ആവശ്യപ്പെട്ടു. തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോയെന്നും നടി തിരിച്ച് ചോദിച്ചു.
നിരവധി താരങ്ങളാണ് ഗൗരിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഭാവന, കീർത്തി ഷെട്ടി, അഹാന കൃഷ്ണ, പേളി മാണിയടക്കമുളള താരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ സംവിധായകൻ അബിൻ ഹരിഹരൻ സംവിധാനം ചെയ്ത അദേഴ്‌സിന്റെ റിലീസ് ഇന്നാണ്. ചിത്രത്തിൽ മലയാളി താരങ്ങളായ അഞ്ചു കുര്യൻ, ഹരീഷ് പേരടി, മാല പാർവതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.