ബ്ളാങ്കറ്റും ബെഡ്‌ഷീറ്റും ചോദിച്ചതിന്റെ പേരിൽ തർക്കം,​ ട്രെയിൻ യാത്രക്കിടെ സൈനികനെ കൊലപ്പെടുത്തി

Friday 07 November 2025 1:35 PM IST

ജയ്‌പൂർ: ട്രെയിൻ യാത്രക്കിടെയുണ്ടായ തർക്കത്തിന് പിന്നാലെ സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. ജമ്മുതാവി-സബർമതി എക്‌സ്‌പ്രസിൽ നവംബർ രണ്ടിന് രാജസ്ഥാനിൽ വച്ചാണ് സംഭവം ഉണ്ടായത്. സുബൈർ മേമൻ എന്ന കോച്ച് അറ്റന്റന്റാണ് കൊല നടത്തിയത്. കരസേനാംഗമായ ജിഗർ ചൗധരിയെയാണ് മേമൻ വഴക്കിനിടെ കുത്തികൊന്നത്. കുറച്ച്‌‌ദിവസത്തെ അവധിക്കായി ട്രെയിനിലെ ബി4 ഏസി കോച്ചിൽ നാട്ടിലേക്ക് വരികയായിരുന്ന ജിഗർ. യാത്രക്കിടെ അദ്ദേഹം​ സുബൈറിനോട് ഒരു ബ്ളാങ്കറ്റും ബെഡ്ഷീറ്റും നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സുബൈർ മേമൻ അതിന് തയ്യാറായില്ല. തുടർന്ന് വലിയ വഴക്കും കൈയാങ്കളിയും ഉണ്ടാകുകയും സുബൈർ തന്റെ കത്തിയെടുത്ത് ജിഗർ ചൗധരിയുടെ കാലിൽ കുത്തുകയും ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ സൈനികന് ജീവൻ നഷ്‌ടമായി.

സംഭവത്തിൽ സുബൈറിനെതിരെ ബിക്കാനീറിലെ ടിക്കറ്റ് എക്‌സാമിനർ (ടിടിഇ) പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളനുസരിച്ച് കൊലപാതകത്തിനാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്. കരാർ തൊഴിലാളിയാണ് സുബൈർ. ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ് എന്നുമാണ് പുറത്തുവന്ന വിവരം. കൊല നടത്തിയ സുബൈർ കൊലയ്‌ക്കായി ഉപയോഗിച്ച കത്തിയുമായി പിടിയിലായി.

സംഭവത്തിൽ റെയിൽവെ ബോർഡ് ചെയർമാനും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഡയറക്‌ടർ ജനറലിനും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചു. കമ്മിഷനിലെ പ്രിയാങ്ക് കനൂങ്കോയുടെ നേതൃത്വത്തിലെ ബെഞ്ചാണ് പരാതി കേട്ടത്. രണ്ടാഴ്‌ചയ്‌ക്കകം സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നോട്ടീസിൽ പറയുന്നത്.