'അപകടത്തിന് കാരണം പൈലറ്റല്ല, ആ ഭാരവും പേറി നിങ്ങൾ നടക്കരുത്'; പൈലറ്റിന്റെ പിതാവിനോട് സുപ്രീംകോടതി
ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടം പൈലറ്റിന്റെ പിഴവുകൊണ്ടാണെന്ന് രാജ്യത്തുള്ളവർ വിശ്വസിക്കുന്നില്ലെന്ന് സുപ്രീം കോടതി. ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ സുമീത് സഭർവാളിന്റെ പിതാവിനോട് മകൻ കുറ്റക്കാരനല്ലെന്നായിരുന്നു കോടതിയുടെ പരാമർശം.
എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം തകർന്നു വീണിരുന്നു. അപകടത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നായിരുന്നു സുമീതിന്റെ പിതാവായ പുഷ്‌കര്‍ സഭര്‍വാളിന്റെ ആവശ്യം. ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
'വിമാനാപകടം ദൗർഭാഗ്യകരമായ കാര്യമാണ്. നിങ്ങളുടെ മകനെതിരെ ആരും കുറ്റപ്പെടുത്തലുകൾ നടത്തിയിട്ടില്ല. നിങ്ങളുടെ മകനാണ് കുറ്റം ചെയ്തതെന്ന ഭാരം നിങ്ങൾ ചുമക്കരുത്' വാദം കേൾക്കവേ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പൈലറ്റിനെ കുറ്റപ്പെടുത്താൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍ക്രാഫ്റ്റ് (ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ആക്‌സിഡന്റ്‌സ് ആന്‍ഡ് ഇന്‍സിഡന്റ്‌സ്) നിയമത്തിലെ റൂള്‍ ഒന്‍പതു പ്രകാരമുള്ള പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. റൂള്‍ 11 പ്രകാരമുള്ള പൂര്‍ണ-സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പുഷ്‌കര്‍ സഭര്‍വാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) യോടും മറ്റ് അധികൃതരോടും പ്രതികരണം ചോദിച്ചു. ഹർജി നവംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.