അമിതമായ ജോലി ഭാരവും സമ്മർദ്ദവും കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ലേ? ഉറക്കം ശരിയായില്ലെങ്കിൽ ഈ അസുഖങ്ങൾ നിങ്ങളുടെ ജീവനെടുക്കും
രാത്രിയിൽ നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം അത് നമ്മെ ഉന്മേഷമില്ലാതെയാക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. നിരന്തരമുള്ള ഉറക്കക്കുറവും സ്ഥിരമായ സമ്മർദ്ദവും മാസങ്ങളോ വർഷങ്ങളോകൊണ്ട് നമ്മുടെ ശരീരത്തെയും തലച്ചോറിനും കേടുവരുത്തുമെന്ന സത്യം പലരും തിരിച്ചറിയുന്നില്ല. സമ്മർദ്ദം ഉറക്കത്തെ ബാധിക്കുമെന്നുണ്ടെങ്കിൽ അത് ചികിത്സിക്കാതെ പോകരുതെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
ദീർഘമായ തൊഴിൽ സമയം, ശബ്ദമലിനീകരണം, വായു മലിനീകരണം വർദ്ധിച്ചു വരുന്ന മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ എന്നിവയെ തുടർന്ന് ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ ഉറക്കം വ്യാപകമായി നഷ്ടപ്പെടുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്‌ദ്ധർ വ്യക്തമാക്കുന്നത്. ഇത് ഹൃദ്രോഗത്തിന് ഇടയാക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന രക്തയോട്ടം, പ്രമേഹം, ശ്രദ്ധക്കുറവ്, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്കും ഇത് നയിച്ചേക്കാം.
യുകെ ബയോബാങ്ക് നടത്തിയ പഠനത്തിൽ ക്രമം തെറ്റിയ ഉറക്ക ശീലങ്ങൾ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സാദ്ധ്യത 25ശതമാനത്തോളം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇൻസോമ്നിയ, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്നത്) (ഒഎസ്എ) തുടങ്ങിയ പ്രശ്നങ്ങൾ ഇന്ത്യയിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വിട്ടുമാറാത്ത ഉറക്കക്കുറവ് നമ്മുടെ ശരീരത്തെ പല രീതിയിലാണ് ബാധിക്കുന്നത്. മോശം ഉറക്കം വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകാം. ഉറക്കം മെച്ചപ്പെടുത്തിയാൽ 90ശതമാനം മാനസിക പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
12 മുതൽ 18 വയസ് പ്രായമുള്ള 1,521 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അടുത്തിടെ ഡൽഹിയിൽ നടത്തിയ പഠനത്തിൽ, 22 ശതമാനം പേർക്ക് ഉറക്കക്കുറവ് അനുഭവപ്പെട്ടതായും അതിൽ 60 ശതമാനം പേർക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. ഇവർക്ക് മാനസിക പിന്തുണ അടിയന്തരമായി ആവശ്യമാണെന്നതാണ് സൂചിപ്പിക്കുന്നത്.
ശരിയായ രീതിയിൽ ഉറക്കം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ ഇതിന് പരിഹാരം കാണാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാ ദിവസവും ഒരേസമയത്ത് ഉറങ്ങാനും ഉണാരാനും ശ്രമിക്കുക. എത്രമണിക്കൂർ ഉറങ്ങിയെന്നുള്ളതിനേക്കാൾ പ്രധാനമാണ് അതിന്റെ ക്രമം. ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഗുണമേന്മയുള്ള ഉറക്കം ഉറപ്പാക്കുക. ആറ് മണിക്കൂറിൽ കുറഞ്ഞ ഉറക്കം അപകടകരമാണ്. ഉറക്കമില്ലായ്മയുണ്ടെങ്കിൽ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള ചികിത്സ പരിഗണിക്കണം.
പകൽ സമയത്തുള്ള അമിതമായ ഉറക്കം, ഉച്ചത്തിൽ കൂർക്കം വലിക്കുകയോ ശ്വാസം മുട്ടി ഉണരുകയോ ചെയ്താൽ സ്ലീപ് അപ്നിയ ഉണ്ടോയെന്ന് പരിശോധിക്കുക. ദിവസേനയുള്ള വ്യായാമം, ധ്യാനം, വേഗത്തിലുള്ള നടത്തം എന്നിവ ശീലമാക്കുക. കിടക്കുന്നതിന് തൊട്ടുമുമ്പ് സ്ക്രീൻ ഉപയോഗം, കഫീൻ, മദ്യം എന്നിവ ഒഴിവാക്കുക. കിടപ്പുമുറി തണുപ്പുള്ളതും, ഇരുണ്ടതും, ഗാഡ്ജറ്റുകൾ ഇല്ലാത്തതുമായിരിക്കണം.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്
മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ഉറക്കപ്രശ്നങ്ങൾ, പകൽ സമയത്തെ അമിതമായ ഉറക്കം, കൂർക്കം വലിയോടുകൂടിയ ശ്വാസംമുട്ടൽ, വിഷാദം, രക്തസമ്മർദ്ദം എന്നിവ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. ഉറക്കവും സമ്മർദ്ദവും നിസാരമായി കാണരുത്. അവ ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, മാനസിക രോഗങ്ങൾ എന്നിവയിലേക്ക് നയിക്കും. എന്നാൽ ഇവയൊക്കെ നമ്മൾ തെല്ലൊരു ശ്രദ്ധകൊടുത്താൽ പരിഹരിക്കാൻ കഴിയുന്നവയാണ്.