'അഭിനയിച്ചതിൽ വച്ച് ഏറ്റവും സങ്കീർണമായ കഥാപാത്രം'; രാജമൗലി ചിത്രത്തിൽ വില്ലനായി പൃഥ്വിരാജ്, ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

Friday 07 November 2025 3:39 PM IST

എസ്എസ് രാജമൗലി - മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കുംഭ എന്ന വില്ലൻ കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഒരു റോബോട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെയാണ് പോസ്റ്ററിൽ കാണുന്നത്. ഭ്രാന്തനായ ശാസ്‌ത്രജ്ഞനാണ് പൃഥ്വിയുടെ കഥാപാത്രമെന്ന് റിപ്പോർട്ടുണ്ട്.

'ഞാൻ ഇതുവരെ അഭിനയിച്ചതിൽ വച്ച് ഏറ്റവും സങ്കീർണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര ഗെയിം ആരംഭിച്ചു. എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി' - എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് പൃഥ്വി കുറിച്ചത്.

'എസ്‌എസ്‌എംബി 29 ' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.