തൃശൂരിൽ വൻ കൊള്ള: കുരുമുളക് സ്‌പ്രേ മുഖത്തടിച്ച് അജ്ഞാതർ കവർന്നത് മൂന്നുലക്ഷം രൂപ

Friday 07 November 2025 4:01 PM IST
എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം

തൃശൂർ: മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് കളക്ഷൻ ഏജന്റിൽ നിന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുത്തു. തൃശൂരിൽ അന്തിക്കാടിന് സമീപം മുറ്റിച്ചൂർ പള്ളിയമ്പലത്തിന് സമീപത്തായിരുന്നു സംഭവം. വാടാനപ്പള്ളിയിൽ താമസിക്കുന്ന അക്ഷയ് എന്ന മുപ്പതുകാരനാണ് ആക്രമിക്കപ്പെട്ടത്.

പൊലീസ് പറയുന്നത്: ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോട‌െയായിരുന്നു സംഭവം. ബൈക്കിൽ വരികയായിരുന്ന അക്ഷയിനെ മോഷ്ടാക്കൾ കാറിൽ പിന്തുടരുകയായിരുന്നു. പുത്തൻപീടിക ഭാഗംമുതൽ ഇവർ തന്നെ പിന്തുടരുകയായിരുന്നു എന്നാണ് അക്ഷയ് പയുന്നത്. പള്ളിയമ്പലത്തിന് സമീപത്തുവച്ച് സംഘം ബൈക്ക് തടഞ്ഞുനിറുത്തി മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചശേഷം പണം കവരുകയായിരുന്നു.

പരാതിയെത്തുടർന്ന് അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് മോഷ്ടാക്കൾ എത്തിയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെക്കുറിച്ചും അക്ഷയ് എത്തുന്ന സമയത്തെക്കുറിച്ചും വ്യക്തമായി അറിവുള്ളവരാണ് പണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്.