ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലും മുഖവും കഴുകണം എന്ന് പറയുന്നതിന് കാരണം അറിയാമോ?​ വെറും വിശ്വാസമല്ല അത്

Friday 07 November 2025 4:36 PM IST

വിശ്വാസികളായുള്ളവർ ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ ചെയ്‌തുവരുന്ന ഒരു കാര്യമാണ് കാലും മുഖവും കഴുകുക എന്നത്. ഇതിനുപിന്നിൽ വിശ്വാസപരമായ കാര്യങ്ങൾ മാത്രമാണോ ഉള്ളത് അതോ ശാസ്‌ത്രീയമായ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ?​ പലരും ചോദിക്കുന്ന ചോദ്യമാണിത്. മഹാക്ഷേത്രങ്ങളിൽ പലതിലും നാം പ്രവേശിക്കുമ്പോൾ തന്നെ തനിയെ കാലും മുഖവും കഴുകാൻ ഇപ്പോൾ സൗകര്യമുണ്ട്. ശബരിമല ധർമ്മശാസ്‌താ ക്ഷേത്രം,​ പഴവങ്ങാടി മഹാ ഗണപതി ക്ഷേത്രം തുടങ്ങി കേരളത്തിലെ മിക്ക വലിയ ക്ഷേത്രങ്ങളിലും ഇതുകാണാം. എന്നാൽ മറ്റ് ചില ക്ഷേത്രങ്ങളിൽ പൈപ്പ് സംവിധാനം ഉള്ളതുകൊണ്ട് ഭക്തർക്ക് അവിടേക്ക് പോയി കാലും മുഖവും കഴുകിയ ശേഷം ക്ഷേത്രദർശനം ആകാം.

നമ്മുടെ നാട്ടിൽ പണ്ടുമുതലേ ഉള്ള സംസ്‌കാരമാണ് കാലും മുഖവും കഴുകുക എന്നത്. പുറത്തുപോയി വരുന്നവർക്ക് വൃത്തിയായ ശേഷം വീടിന് അകത്തേക്ക് കയറാനായി കിണ്ടിയിലോ,​ ചരുവത്തിലോ പാത്രം വീടിനുമുന്നിൽ വയ്‌ക്കും. ഈ വെള്ളം ഉപയോഗിച്ച് കാലും കൈയും മുഖവും കഴുകി വൃത്തിയായ ശേഷമാണ് ഉള്ളിലേക്ക് പ്രവേശിക്കുക. ഇതിലൂടെ മുഖത്തും കൈകാലുകളിലുമുള്ള ചെളിയും അഴുക്കും അകറ്റാനും ശരീരം തണുക്കാനും സഹായിക്കും.

വീട്ടിൽ പൂജാമുറിയിൽ പ്രവേശിക്കും മുൻപും കാലും മുഖവും കഴുകാറുണ്ട്. ഇത് അന്ധവിശ്വാസമല്ല. പൂജ ചെയ്യും മുൻപ് ഒരു വ്യക്തി അകമേയും പുറമേയും ശുദ്ധനാകണം എന്നാണ് ആചാരം. അകമേ ഭക്തി കൊണ്ട് ശുദ്ധനാകുമ്പോൾ പുറമേയുള്ള അഴുക്കും മറ്റും കാലും മുഖവും കഴുകി അകറ്റാം. പ്രാർത്ഥനയ്‌ക്ക് മുൻപ് ഇത്തരത്തിൽ ചെയ്യുമ്പോൾ ശരീരം തണുക്കുകയും ദേഹത്തെ ബാധിച്ച നെഗറ്റീവ് എനർജി അകന്ന് പോസിറ്റീവ് എനർജി ലഭിക്കും. ഇതുവഴി ആ വ്യക്തിയുടെ മാനസികാവസ്ഥ തന്നെ മികച്ചതാകും.

പണ്ടുകാലങ്ങളിൽ വീടുകളിലെ പ്രാർത്ഥനാ മുറികളുടെ സമീപത്തായാലും ക്ഷേത്രപരിസരത്തായാലും കുളം സ്ഥാപിച്ചിരുന്നതിന്റെയും ഉദ്ദേശം ഇതുതന്നെയായിരുന്നു. ദൂരെനിന്നടക്കം വരുന്ന ഭക്തർക്ക് ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് ശുദ്ധമാകാനോ കാലും മുഖവും കഴുകാനോ കഴിയും.