കുടിശിക പെരുകി, വിതരണം നിറുത്തി...... മരുന്ന് തീർന്ന് മെഡി.കോളേജ്, മറുമരുന്ന് ഇല്ലാതെ സർക്കാർ

Saturday 08 November 2025 12:31 AM IST

കോട്ടയം : കുടിശിക പെരുകിപ്പെരുകി കോടികൾ പിന്നിട്ടു, മരുന്ന് കമ്പനികൾ വിതരണം നിറുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിൽ നട്ടംതിരിയുകയാണ് കോട്ടയം മെഡിക്കൽ കോളേജ്. ഏതാനം ദിവസം കൂടി ഈ നില തുടർന്നാൽ പാവപ്പെട്ട രോഗികൾ ആകെ വലയും. ഹൃ‌ദ്രോഗ, ക്യാൻസർ വിഭാഗങ്ങളിലടക്കം മരുന്നില്ല. ആരോഗ്യ സുരക്ഷാ പദ്ധതികളും നിലച്ചു. ചികിത്സാ ഉപകരണങ്ങളുമില്ല. ഹൃദ്രോഗ വിഭാഗത്തിൽ നിന്ന് ഏജൻസികൾ ഉപകരണങ്ങൾ എടുത്തുകൊണ്ടു പോയി. ശ്വാസകോശമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി ആരോഗ്യരംഗത്ത് തലഉയർത്തി നിൽക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി ആശുപത്രിയുടെ സത്പേരിന് കളങ്കം സൃഷ്ടിക്കുന്നത്. 5 ജില്ലകളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണിത്. മികച്ച ഡോക്ടർമാരും, മികവുറ്റ സേവനം ലഭ്യമാണെങ്കിലും പണം ഇല്ലാതെ വന്നതോടെ ആശുപത്രി അധികൃതരും കൈമലർത്തുകയാണ്. ആശുപത്രി വികസന സമിതി മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന പേയിംഗ് കൗണ്ടർ പേരിന് മാത്രമാണ്. ഇവിടെ നിന്ന് മരുന്ന് വിതരണം ചെയ്തതിൽ മാത്രം 41 കോടി രൂപ വിതരണക്കാർക്ക് കൊടുക്കാനുണ്ട്.

കീശ കീറും സാധാരണക്കാരുടെ

ഡോക്ടർമാരുടെ വ്യക്തിബന്ധങ്ങളുടെ പേരിൽ മരുന്ന് എത്തിച്ചവരും പിന്നാക്കം പോയി. കുടിശിക തീർക്കാത്തതിനാൽ കരാർ പുതുക്കാനുമായിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മരുന്നും ഉപകരണങ്ങളും വാങ്ങിക്കുകയാണ് രോഗികൾ. ഇതേസമയം സർക്കാരിന്റെ ഏജൻസിയായ കെ.എം.സി.എൽ വഴിയുള്ള മരുന്നു വിതരണത്തിനു തടസമില്ലെന്നാണ് അധികൃതർ പറയുന്നത്. സ്റ്റോക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ ക്യാൻസർ, ശസ്ത്രക്രിയ വിഭാഗത്തിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വിലകൂടിയ മരുന്നുകളൊന്നും ഇവർ വിതരണം ചെയ്യുന്നില്ല.

ഇൻഷ്വറൻസുണ്ടോ ഭേദം സ്വകാര്യ ആശുപത്രി

ഇൻഷ്വറൻസ് പരിരക്ഷയുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ സ്വകാര്യാശുപത്രിയിൽ കാര്യം നടക്കുമെന്നതാണ് അവസ്ഥ. പുറത്തേക്ക് എഴുതിക്കൊടുന്ന മരുന്നും ഉപകരണങ്ങളും വാങ്ങാൻ പണമില്ലാത്തതിനാൽ പലരടേയും ചികിത്സയും പ്രതിസന്ധിയിലാണ്.

ശസ്ത്രക്രിയകൾ സ്തംഭിക്കും

ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം പൂർണമായി നിലച്ചു

ഓർത്തോ, ന്യൂറോ, ജനറൽ സർജറി വിഭാഗങ്ങളിൽ പ്രതിസന്ധി

കാർഡിയോ വിഭാഗത്തിൽ സ്റ്റെന്റ് വിതരണക്കാർ കൊണ്ടുപോയി

വിതരണക്കാർക്കുള്ള കുടിശിക പെരുകി 140 കോടിയ്ക്ക് മുകളിലായി

''ഉപകരണങ്ങൾ പുറത്ത് നിന്നും വാങ്ങേണ്ട ഗതികേടിലാണ്. ഇതിന് വൻതുക നൽകണം. ശേഷിയില്ലാത്തവർ ഉപകരണം വരുന്നത് നോക്കി കാത്തിരിക്കുകയാണ്. ശസ്ത്രക്രിയകൾ അധികം നടക്കുന്നില്ല. ഡോക്ടർമാരും നിസഹായരാണ്.

-രോഗിയുടെ കൂട്ടിരിപ്പുകാരി