തിരഞ്ഞെടുപ്പ് പ്രതീക്ഷയുടെ ക്ളിക്കടിച്ച് ഫോട്ടോഗ്രാഫർമാർ

Saturday 08 November 2025 12:20 AM IST

കോട്ടയം : മണ്ഡല മാസവും , നോമ്പും അടക്കമുള്ള ഓഫ് സീസൺ കാലത്ത് ഫോട്ടോഗ്രാഫർമാർക്കും പിടിവള്ളിയാണ് തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ കുട്ടപ്പന്മാരാക്കാൻ വീട്ടിലും താത്കാലിക സ്റ്റുഡിയോകൾ ഒരുക്കിയവരുമുണ്ട്. പാക്കേജ് അടിസ്ഥാനത്തിൽ ഫോട്ടോയും റീലും ഉൾപ്പെടെ ചെയ്തുകൊടുക്കുന്നവരുമുണ്ട്. ജില്ലയിലെ രണ്ടായിരത്തിലേറെ ഫോട്ടോ, വീഡിയോഗ്രാഫർമാർ പതിനയ്യായിരത്തോളം സ്ഥാനാർത്ഥികൾ കളത്തിലിറങ്ങുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ലൊരു തുക കൈയിൽ കിട്ടുന്നതിന്റെ സന്തോഷത്തിലാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി സ്ഥിരമായി ഫോട്ടോ എടുക്കുന്ന സ്റ്റുഡിയോകളും സജ്ജം. ഫോട്ടോ കണ്ടാൽ വോട്ട് ഇങ്ങ് പോരണം. പരമാവധി ഗ്ലാമറാക്കി വോട്ടറുടെ മനസിൽ മുഖം പതിപ്പിക്കുകയും വേണം. നല്ല ക്ലാരിറ്റിയോടെ പോസ്റ്റർ, ബാനർ, അഭ്യർത്ഥന, കാർഡ് എന്നിവയായി വിവിധ പ്രതലങ്ങളിൽ പ്രിന്റ് ചെയ്യാനുള്ള ചിത്രങ്ങളാണ് വേണ്ടത്. പ്രിന്റ് ചെയ്യുന്നതിനൊപ്പം ഫേസ് ബുക്കിലും വാട്സാപ്പിലും ഷെയർ ചെയ്യാൻ ആദ്യഘട്ട ഫോട്ടോ ഷൂട്ടിന്റെ ഒരുക്കത്തിലാണ് ചിലർ. നല്ല ഫോട്ടോകൾ ഡിസൈൻ ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാനും കാർഡുകളാക്കി വോട്ടർമാരിലെത്തിക്കാനും പ്രത്യേക സംവിധാനം സ്റ്റുഡിയോകളിൽ ഒരുങ്ങി.

മാതൃക പാർലമെന്റ് തിരഞ്ഞെടുപ്പ്

പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് ഏറെ വ്യത്യസ്തത പരീക്ഷിക്കപ്പെട്ടത്. സിനിമാ പോസ്റ്ററുകൾ പോലെ തോന്നുന്ന ഫോട്ടോകൾ വരെയിറങ്ങി. ന്യൂജെൻ മനസിൽ ഇടംപിടിക്കാൻ പരമ്പരാഗത രീതിയിലുള്ള ചിത്രങ്ങൾ മാത്രം പോരെന്നാണ് സ്ഥാനാർത്ഥികളുടെ അഭിപ്രായം. ഇരിക്കുന്നതും ചിരിക്കുന്നതും കൈവീശിക്കാണിക്കുന്നതും മാത്രമല്ല വെറൈറ്റി പോസിംഗും വേണം.

പാക്കേജ് 15000 മുതൽ

'' തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് താത്കാലിക സുറ്റുഡിയോ ഒരുക്കിയിട്ടുണ്ട്. ഇൻഡോർ,​ ഔട്ട്ഡോർ ഷൂട്ടിനുള്ള സംവിധാനങ്ങളുമുണ്ട്.

ജി.വിപിൻകുമാർ,​ ഫോട്ടോഗ്രാഫർ

'' സ്ഥാനാർത്ഥികളുടെ ഫോട്ടോ,​ വീഡിയോ മുതൽ സോഷ്യൽ മീഡിയ പ്രചരണം വരെ നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.

അരുൺ ചേനപ്പാടി,