പുലിപ്പേടിയിൽ പൊൻമുടി , ടൂറിസ്റ്റുകൾക്ക് ജാഗ്രതാ നിർദ്ദേശം

Saturday 08 November 2025 6:41 AM IST

വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ വീണ്ടും പുലിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ പുലി മെർക്കിസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളി സുനിൽകുമാറിന്റെ വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി. പുലിയെ വീട്ടുകാരും കണ്ടിരുന്നു. നേരത്തേ എസ്റ്റേറ്റിലെ മറ്റാരു തൊഴിലാളിയുടെ നായയെ കൊന്നിരുന്നു. മൂന്ന് മാസമായി പൊൻമുടി മേഖലയിൽ പുലി ഭീതിപരത്തുകയാണ്. ആറ് നായ്ക്കളെ കൊന്നൊടുക്കി. നേരത്തേ പൊൻമുടി ഗവൺമെന്റ് യു.പി.എസ് സ്കൂൾ പരിസരത്തും പൊൻമുടി പൊലീസ് സ്റ്റേഷൻപരിസരത്തും പുലിയിറങ്ങി ഭീതിപരത്തിയിരുന്നു.

ഒരുമാസം മുൻപ് പൊൻമുടി പത്താംവളവിന് സമീപം കേഴമാനെ പുലി ഓടിച്ചുകൊണ്ടുപോകുന്നത് ടൂറിസ്റ്റുകൾ കണ്ടിരുന്നു. കല്ലാർ പൊൻമുടി റൂട്ടിൽ പുലിയുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരികയാണ്.പുലിയുടെ സാന്നിദ്ധ്യം ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.പൊൻമുടിയിൽ ഇപ്പോൾ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്.

തെരച്ചിൽ നടത്തിയെങ്കിലും

കണ്ടെത്താനായില്ല

അടുത്തിടെ കല്ലാർ ഗോൾഡൻവാലിക്ക് സമീപം കുരുങ്ങനെ പിടികൂടാൻ വൈദ്യുതിപോസ്റ്റിൽ കയറിയ പുലി ഷോക്കേറ്റ് ചത്തിരുന്നു. കല്ലാർ മൊട്ടമൂട് മേഖലയിലും പുലിശല്യം വർദ്ധിച്ചിട്ടുണ്ട്. ഇവിടെ നായ്ക്കളെ വ്യാപകമായി കൊന്നൊടുക്കിയിരുന്നു. പുലിശല്യത്തിൽ ആദിവാസികളും ബുദ്ധിമുട്ടിലാണ്. വിതുര ജഴ്സിഫാമിലും നേരത്തേ പുലിയിറങ്ങിയിരുന്നു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും സാധിച്ചില്ല. ഇവിടെ അനവധി വീടുകളിൽ നിന്നും വളർത്തുനായ്ക്കളെ പിടികൂടികൊണ്ടുപോയിരുന്നു. പൊൻമുടിയിൽ വീണ്ടും പുലിയെത്തിയതോടെ വനപാലകർ ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനപാലകർ അറിയിച്ചു. പുലിയുടെ സാന്നിദ്ധ്യം മുൻനിറുത്തി സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സഞ്ചാരികൾ ജാഗ്രത

പൊൻമുടിയിൽ വീണ്ടും പുലിയിറങ്ങിയ സാഹചര്യം മുൻനിറുത്തി വിനോദസഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. സഞ്ചാരികൾ വനത്തിനുള്ളിലേക്ക് പ്രവേശിക്കരുത്. വനപാലകരുടെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കണം.