ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം.... യു.ഡി.എഫിൽ കൂട്ടപ്പോര്,  ലീഗിനെ മെരുക്കുമോ ?

Saturday 08 November 2025 12:13 AM IST

കോട്ടയം : മുസ്ലിംലീഗ് ഇടയുകയും തങ്ങളുടെ സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസിനെ അനുവദിക്കില്ലെന്ന നിലപാട് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വീകരിച്ചതോടെ യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം ത്രിശങ്കുവിൽ.

ഭരണം പിടിച്ചെടുക്കാൻ കൂടുതൽ സീറ്റിൽ തങ്ങൾ മത്സരിക്കണമെന്ന വികാരമാണ് കോൺഗ്രസിൽ ഉയരുന്നത്.

എന്നാൽ ഏറെ ജയസാദ്ധ്യതയുള്ള മുണ്ടക്കയം, എരുമേലി സീറ്റുകളിലൊന്നിൽ ഉറച്ച് നിൽക്കുകയാണ് ലീഗ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിനായി ലീഗ് കടുത്ത സമ്മർദ്ദം നടത്തിയിരുന്നു. അടുത്ത തവണ നൽകാമെന്ന് ഉറപ്പ് നൽകി അവസാനം ഉമ്മൻചാണ്ടി ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഇത്തവണ ഈരാറ്റുപേട്ട നഗരസഭയിൽ കൂടുതൽ സീറ്റ് നൽകി ലീഗിനെ മെരുക്കാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ.

ജോസഫ് ഗ്രൂപ്പിന് സ്വാധീനം പോരാ

ജോസഫ് ഗ്രൂപ്പിന് കാര്യമായ സ്വാധീനമില്ലെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റിമൊപ്പം ഒരു ഡിവിഷൻ കൂടിയതിനാൽ ഒരു സീറ്റിനു കൂടി അർഹതയുണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ രണ്ടുസീറ്റിലാണ് ജോസഫ് ഗ്രൂപ്പ് ജയിച്ചത്. പുതിയ ഡിവിഷനായ തലനാട് സീറ്റിലും കോൺഗ്രസ് അവകാശവാദം ഉന്നയിച്ചു. ഇതും ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

വനിതാ സ്ഥാനാർത്ഥികളെ തേടി

23ൽ 10 സീറ്റാണ് ജനറൽ. ഇതോടെ സിറ്റിംഗ് അംഗങ്ങളായ പ്രമുഖ നേതാക്കൾക്ക് മത്സരിക്കാനാകില്ല. വനിതാ പ്രാതിനിധ്യം കൂടിയെങ്കിലും ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെകണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. സംവരണം വഴി സീറ്റില്ലാതായ നേതാക്കൾ പകരം ഭാര്യയെ എങ്കിലും മത്സരിപ്പിക്കാൻ സമ്മർദ്ദതന്ത്രം പയറ്റുകയാണ്.