ഓൺലൈൻ തട്ടിപ്പിൽ എം.പിയും വീണു തൃണമൂൽ നേതാവ് കല്യാൺ ബാനർജിയുടെ 56 ലക്ഷം രൂപ തട്ടി
കൊൽക്കത്ത: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും നാല് തവണ ലോക്സഭാ എം.പിയുമായ കല്യാൺ ബാനർജി. 56 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. കൊൽക്കത്ത പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.
കൊൽക്കത്ത ഹൈക്കോടതി ശാഖയിലെ എസ്.ബി.ഐ ശാഖയിലാണ് അദ്ദേഹത്തിന്റെ അക്കൗണ്ട്. ഇത്
വർഷങ്ങളായി നിഷ്ക്രിയമായിരുന്നു എന്നാണ് റിപ്പോർട്ട്. അനധികൃതമായി പണം പിൻവലിച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം അറിയുന്നത്. വ്യാജരേഖകൾ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ അക്കൗണ്ടിൽ പ്രവേശിച്ചത്. വ്യാജ പാൻ, ആധാർ കാർഡുകൾ ഉപയോഗിച്ച് കെവൈസി വിവരങ്ങൾ പുതുക്കി. ഒക്ടോബർ 28ന് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റി. അക്കൗണ്ടിന്റെ നിയന്ത്രണം കുറ്റവാളികൾ ഏറ്റെടുത്തു. തുടർന്ന് അനധികൃത ഇന്റർനെറ്റ് ബാങ്കിംഗ് ഇടപാടുകൾ നടത്തി. 56,39,767 രൂപ പിൻവലിച്ചു. ഈ തുക ഒന്നിലധികം അക്കൗണ്ടുകളിലേക്ക് മാറ്റി. 2001- 2006 കാലത്ത് ബാനർജി അസൻസോൾ (ദക്ഷിൺ) മണ്ഡലത്തിലെ നിയമസഭാംഗമായിരുന്നപ്പോൾ തുറന്ന അക്കൗണ്ടാണിത്. എം.എൽ.എ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശമ്പളം ഈ അക്കൗണ്ടിലാണ് വന്നിരുന്നത്.
ബാങ്കിൽ പണം സൂക്ഷിച്ചാൽ കുറ്റവാളികൾ കൈക്കലാക്കും, വീട്ടിൽ സൂക്ഷിച്ചാൽ നരേന്ദ്രമോദി കൈക്കലാക്കും
- കല്യാൺ ബാനർജി
സർക്കാർ, റിസർവ് ബാങ്ക്, സൈബർ സുരക്ഷാ സംഘടനകൾ എല്ലാം മാറിമാറി നൽകുന്ന മുന്നറിയിപ്പുകളൊന്നും
ഉത്തരവാദിത്വപ്പെട്ടവരും പിന്തുടരുന്നില്ല എന്നുവേണം കരുതാൻ. എന്നിട്ട് പഴി പ്രധാനമന്ത്രിക്കും
- ബി.ജെ.പി