എസ്.ഐ.ആർ: ഡി.എം.കെയുടെ ഹർജി 11ന് പരിഗണിക്കും

Saturday 08 November 2025 3:26 AM IST

 ബീഹാറിലെ പരാതികളിലും 11ന് വാദം

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയക്കെതിരെ ഡി.എം.കെ സമർപ്പിച്ച ഹർജി സുപ്രീംകോടതി നവംബർ 11ന് പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം റദ്ദാക്കണമെന്ന ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് പാർട്ടിക്കുവേണ്ടി ഹാജരായ അഡ്വ. വിവേക് സിംഗ് ഇന്നലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് മുന്നിൽ ആവശ്യപ്പെട്ടു. 10ന് പരിഗണിക്കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടെങ്കിലും 11ന് ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് 0ജസ്റ്റിസ് ഉറപ്പുനൽകി. ബീഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട പരാതികളിലും അന്ന് വാദം കേൾക്കും. കോടതി നിർദ്ദേശമുണ്ടാട്ടും ആധാർ കാർഡ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുന്നില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അറിയിച്ചു. പശ്ചിമബംഗാളിൽ നിന്ന് ഒരുഹർജിയുണ്ട്. കേരളം,തമിഴ്നാട്, ബംഗാൾ,അസാം,പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇതിൽ അസാം ഒഴികെയുള്ള ഇടങ്ങളിൽ എസ്.ഐ.ആർ നടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തുടക്കമിട്ടു.