മ്യാൻമറിലെ സൈബർ തട്ടിപ്പ്: 270 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

Saturday 08 November 2025 1:29 AM IST

ന്യൂഡൽഹി: മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന 270 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഡൽഹിയിലെത്തിച്ചു. മ്യാവാഡിയിലെ കെ.കെ പാർക്കിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 28 രാജ്യങ്ങളിൽ നിന്നുള്ള 1500 പേരാണ് രക്ഷപ്പെട്ടത്. ഇതിൽ 465 പേർ ഇന്ത്യക്കാരാണ്. ചൈന, ഫിലിപ്പീൻസ്, വിയറ്റ്‌നാം, എത്യോപ്യ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ശേഷിക്കുന്നവർ. സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു സംഘം ഇന്ത്യക്കാർ അനധികൃതമായി അതിർത്തി കടന്ന് തായ്‌ലൻഡിലെത്തി. ഇവരെ നാട്ടിലെത്തിക്കുന്നതിന് ബാങ്കോക്കിലെ ഇന്ത്യൻ എമ്പസി തായ്‌ലൻഡ് അധികൃതരുമായി ബന്ധപ്പെട്ടു. ഏതാനും ദിവസം മുമ്പ് ഇവരെ ഇന്ത്യൻ എമ്പസിക്ക് കൈമാറി.ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 270 പേരെ ഡൽഹിയിലെത്തിച്ചത്. ഇതിൽ 26 പേർ സ്ത്രീകളാണ്. ആദ്യ ഘട്ടത്തിൽ മടങ്ങിയെത്തിയവരിൽ മലയാളികൾ ആരുമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. തിരിച്ചെത്തിയവരിലേറെയും മ്യാൻമറിൽ ജോലി തട്ടിപ്പുകൾക്ക് ഇരയായവരാണ്.. മികച്ച ജോലി വാഗ്ദാനം ലഭിച്ച മ്യാൻമറിലെത്തിയ ശേഷം സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായവരാണ് പലരും.