ലക്ഷ്യം കാണാതെ കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്

Saturday 08 November 2025 1:37 AM IST

പൂവാർ: തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ തുടങ്ങിയ തീരദേശ പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സമഗ്ര ഗ്രാമീണ ശുദ്ധജല പദ്ധതിയാണ് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്. 15.92കോടി രൂപ മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്.

എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച ജലം തീരദേശവാസികൾക്ക് കിട്ടിയിട്ടില്ല. ശുദ്ധീകരിച്ച ജലം കാഞ്ഞിരംകുളം, കരുംകുളം, പൂവാർ മേഖലകളിലെ ടാങ്കുകളിലേക്ക് പമ്പുചെയ്തതോടുകൂടിയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. 1956ൽ കുഴിച്ചിട്ട പൈപ്പുകളിലൂടെയാണ് വെള്ളം പമ്പുചെയ്തത്. പഴക്കമേറിയതും വലിപ്പം കുറവുള്ളതുമായ പൈപ്പുകളാണ് അവ. പമ്പിംഗ് തുടങ്ങിയതോടുകൂടി പല സ്ഥലങ്ങളിലെയും പൈപ്പുകൾ പൊട്ടിത്തുടങ്ങി. ഇത് നിലവിലെ പരിമിതമായ ജലവിതരണത്തെയും അവതാളത്തിലാക്കി.

ജലവിതരണം അവതാളത്തിൽ

1958ലാണ് തിരുപുറം കുമിളിയിലെ നീർക്കുമിളകളെ പ്രയോജനപ്പെടുത്തി കുമിളി വാട്ടർ സപ്ലൈ സ്കീമിന് തുടക്കം കുറിച്ചത്. പ്രദേശത്തെ നീരുറവകളെ ആശയിച്ചായിരുന്നു തുടക്കം. സമൃദ്ധമായിരുന്ന നീരുറവകൾ പലതും വറ്റിപ്പോയതും, ജലത്തിന്റെ ഉപയോഗം കൂടിയതും കാരണം നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് ബോദ്ധ്യമായി. ശുദ്ധജലം കിട്ടാതായതോടെ നെയ്യാറ്റിലെ ജലത്തെയും ഉപയോഗപ്പെടുത്തിയാണ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. നെയ്യാറിൽ നിന്നും 8മില്യൻ ലിറ്റർ വെള്ളവും കുമിളിയിലെ സ്വാഭാവിക നീരുറവയിൽ നിന്ന് 4മില്യൻ ലിറ്റർ വെള്ളവും ഉൾപ്പെടെ 12മില്യൻ ലിറ്റർ വെള്ളം ഒരു ദിവസം ശുദ്ധീകരിക്കാനുള്ള ശേഷിയോടെയാണ് കുമളിയിൽ പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ ഉദ്ദേശിച്ചതിന്റെ പകുതി ജലം പോലും പ്ലാന്റിൽ ശുദ്ധീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

പ്ലാന്റുണ്ട്, പ്രയോജനമില്ല

തിരുപുറത്ത് 8ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും, കാഞ്ഞിരംകുളത്ത് നിലവിലെ 2ലക്ഷം ലിറ്റർ ടാങ്കിന് പുറമേ 4.4ലക്ഷം കൊള്ളുന്ന പുതിയ ടാങ്കും, കരുംകുളം പരണിയത്ത് 4.5ലക്ഷം കൊള്ളുന്ന ടാങ്കും ഇതിന്റെ ഭാഗമായി നിർമ്മിച്ചു. ഇത്രകാലമായിട്ടും ഇവിടങ്ങളിൽ പൂർണ്ണ തോതിൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞിട്ടില്ല. പൂവാറിൽ 2.5ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് നിലവിലുണ്ട്. ഇവിടെ കുമളിയിലെ വെള്ളം പമ്പു ചെയ്ത് നിറയ്ക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. പൂവാർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശത്ത് ഇപ്പോഴും കരിച്ചൽ പമ്പുഹൗസിലെ വെള്ളമാണ് എത്തുന്നത്. ചില ദിവസങ്ങളിൽ ചെളി കലർന്ന വെള്ളവും പൈപ്പിലൂടെ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. തീരവാസികൾക്കായി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചിട്ടും പ്രയോജനം ലഭിച്ചിട്ടില്ലെന്നതാണ് പ്രധാന ആക്ഷേപം.