ജി.എസ്.ടി കുതിപ്പിൽ രാജ്യം, കള്ളംപറച്ചിലുകാർ തോറ്റു; കണക്ക് സത്യം പറയുന്നു
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇക്കഴിഞ്ഞ സെപ്തംബർ നിർണായകമായിരുന്നു. ചരക്കു സേവന നികുതി (GST) ലളിതമാക്കിക്കൊണ്ട്, നാലു സ്ലാബുകളുള്ള നികുതി ഘടനയെ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടാക്കി ചുരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ലോകം ഉറ്റുനോക്കുകയായിരുന്നു. കേവലം ഒരുമാസം പിന്നിട്ടപ്പോഴേക്കും ജി.എസ്.ടി പരിഷ്‌കരണം സൃഷ്ടിച്ച ഫലം അദ്ഭുതകരമെന്ന് എല്ലാവർക്കും പറയേണ്ടി വന്നു.
നികുതി നിരക്കിൽ മാറ്റം വരുത്തിയിട്ടും, ഒക്ടോബറിലെ ജി.എസ്.ടി കളക്ഷൻ 1.96 ലക്ഷം കോടി രൂപയിലെത്തി. ഇത് യാദൃച്ഛികതയല്ല; മറിച്ച്, ലളിതവും നീതിപൂർവകവുമായ ജി.എസ്.ടി സംവിധാനം രാജ്യത്തിന്റെ വരുമാനം വർദ്ധിപ്പിക്കുമെന്നതിന്റെ പ്രത്യക്ഷ തെളിവാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലും; ഭാരതം വളർച്ചയുടെയും സമൃദ്ധിയുടെയും പാതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഈ കണക്കുകൾ വിപണികൾക്കും നിക്ഷേപകർക്കും ഉറപ്പു നൽകുന്നു.
പത്തുവർഷം മുമ്പ്, 2015- ൽ പാർലമെന്റിന്റെ ജി.എസ്.ടി സെലക്ട് കമ്മിറ്റിയിലെ 21 എം.പിമാരിൽ ഒരാളായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന അഭിമാനനിമിഷമാണ് ഇത്. 'ഇല്ലാത്ത ജി.എസ്.ടിയേക്കാൾ,അപൂർണമായ ജി.എസ്.ടി പോലും നല്ലതാണെ"ന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഞാൻ ഇത് അനേകലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കൂടുതൽ ഉത്പന്നങ്ങളുടെ തിരഞ്ഞെടുപ്പിന് അവസരം നൽകുമെന്നും അഴിമതി കുറയ്ക്കുമെന്നും ആവർത്തിച്ചു പറഞ്ഞു. ആ വിശ്വാസം ഇന്ന് കൺമുന്നിൽ തെളിഞ്ഞു കാണുന്നു.
ജി.എസ്.ടി ഒരു തവണ നടത്തുന്ന പരിഷ്‌കാരമല്ല, ഒരു ദീർഘ പ്രക്രിയയാണെന്നതായിരുന്നു എന്റെ ബോദ്ധ്യം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയോടൊപ്പം നികുതിയുടെ 'അടിസ്ഥാനങ്ങളും" പരിവർത്തനം ചെയ്യപ്പെടുമ്പോൾ നികുതി നിരക്കുകൾ കുറയ്ക്കാനും വളർച്ച നിലനിറുത്താനും കഴിയുമെന്ന പൊതുബോധമായിരുന്നു ജി.എസ്.ടിയിൽ വിശ്വസിക്കാനുള്ള പിൻബലം. 2025 ഒക്ടോബറിലെ ജി.എസ്.ടി വരുമാന കണക്കുകൾ ആ ബോദ്ധ്യത്തിന് അടിവരയിടുന്നു.
സെപ്തംബറിലെ നേട്ടങ്ങൾ
നൂറുകണക്കിന് ഉത്പന്നങ്ങളും സേവനങ്ങളും താഴ്ന്ന നികുതി നിരക്കുകളിലേക്ക് മാറ്റപ്പെട്ടു.
ചെരിപ്പുകൾ, വസ്ത്രങ്ങൾ, അടുക്കള സാധനങ്ങൾ തുടങ്ങിയ പ്രതിദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറഞ്ഞു. അനവധി ഭക്ഷ്യവസ്തുക്കൾക്ക് നികുതി തന്നെ ഇല്ലാതായി. നിർമ്മാണ മേഖലയെ മുന്നോട്ടു നയിക്കുന്ന സിമന്റ്, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ചുരുക്കി. കുടുംബങ്ങൾക്ക് നേരിട്ട് ആശ്വാസം നൽകുന്ന വിധത്തിൽ ആരോഗ്യ ഇൻഷ്വറൻസിനുള്ള ജി.എസ്.ടി പൂർണമായും എടുത്തുകളഞ്ഞു.
കേവലം നയപരമായ ക്രമീകരണങ്ങളല്ല ഈ വളർച്ചയുടെ അടിസ്ഥാനം. അതിനപ്പുറത്ത്, സാധനങ്ങളുടെ വില കുറയൽ, ജനങ്ങളുടെ കൈയിൽ കൂടുതൽ പണം ശേഷിക്കൽ, ജനങ്ങൾ കൂടുതൽ ചെലവഴിക്കുമ്പോഴുള്ള ബിസിനസ് വളർച്ച, തൊഴിലവസരങ്ങളുടെ വർദ്ധന, നികുതി അടിസ്ഥാനങ്ങളുടെ വ്യാപനം തുടങ്ങി മികവുറ്റ ഒരു സാമ്പത്തിക ആവാസ വ്യവസ്ഥയുടെ നിലനില്പിന് ആവശ്യമായ ചാക്രിക സംവിധാനമാണ് വളർത്തപ്പെട്ടത്.
2025 ഒക്ടോബറിലെ കണക്കുകൾ ഈ മികവിന്റെ സാക്ഷ്യപത്രമാവുന്നു. പലരും വ്യാജമായി പ്രചരിപ്പിച്ച 'വരുമാന നഷ്ടം" ഒന്നുംതന്നെ ഉണ്ടായില്ല. പകരം ലളിതമായ നികുതി സംവിധാനം കൂടുതൽ പേരെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്ക് ചേർത്തുനിറുത്തി. ജി.എസ്.ടി മുന്നോട്ടുവച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ ദർശനത്തിന്റെ ഫലങ്ങൾ കൂടുതൽ വ്യക്തമാവുകയായിരുന്നു, 2017-ൽ ജി.എസ്.ടി ആദ്യമായി കൊണ്ടുവന്നപ്പോൾത്തന്നെ അടിസ്ഥാനമില്ലാത്ത പല ആരോപണങ്ങളുമായി വിമർശകർ രംഗത്തെത്തിയിരുന്നു. വരുമാനത്തിൽ കുറവ് വരും, ഫെഡറൽ ബാലൻസിൽ പ്രത്യാഘാതം സൃഷ്ടിക്കും എന്നൊക്കെയുള്ള ആശങ്കകൾ ഉയർന്നപ്പോൾ ഓരോ തവണയും പ്രക്രിയ മെച്ചപ്പെടുത്തുകയും, നഷ്ടപരിഹാരം നൽകി സംസ്ഥാനങ്ങളെ ചേർത്തുപിടിക്കുകയും ചെയ്തു.
ആ പിന്തുണ ഇപ്പോഴും തുടരുന്നു. ഇതിലെ ഗുണപാഠം വ്യക്തമാണ്: 'വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കൂ, വരുമാനം സ്വാഭാവികമായി പിന്നാലെ വരും!" വ്യക്തതയോടും ദൃഢനിശ്ചയത്തോടും കൂടിയ നടപടികൾ ആഴ്ചകൾക്കുള്ളിൽത്തന്നെ ഫലം കാണിക്കുമെന്നതാണ് ദേശീയതലത്തിൽ ഒക്ടോബറിലെ പ്രകടനം മനസിലാക്കിത്തരുന്നത്. പ്രധാനമന്ത്രിയുടെ 'വികസിത ഭാരതം- 2047" എന്ന ദർശനത്തെ ഇത് കൂടുതൽ പ്രസക്തമാക്കുന്നു. കുറഞ്ഞ നികുതി,കൂടുതൽ സുതാര്യത, കൂടുതൽ വളർച്ച എന്നിവയെ മുൻനിറുത്തി പരിഷ്‌കാരവും വളർച്ചയും കൈകോർത്തുപോകുന്ന സമ്പ്രദായമാണ് വികസിത സമ്പദ്‌വ്യവസ്ഥയുടെ കാതൽ.
സംസ്ഥാനത്തിന്
അനുകരിക്കാം
ഇതെല്ലാം കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന് അനുകരിക്കാവുന്ന മാതൃകകളാണ്. അനന്തമായ നികുതി വർദ്ധനയിലൂടെയും ലെവികളിലൂടെയും പൗരന്മാരെയും ചെറുകിട വ്യവസായങ്ങളെയും ചൂഷണം ചെയ്യുന്നതിനു പകരം, അവസരങ്ങൾ വികസിപ്പിക്കുകയും നിക്ഷേപങ്ങളെ ആകർഷിക്കുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. ഉയർന്ന നികുതികളിലൂടെയല്ല; മറിച്ച്, ഉയർന്ന വളർച്ചയിലൂടെയാണ് ദീർഘകാലത്തേക്കുള്ള മികച്ച സമ്പദ് വ്യവസ്ഥയുണ്ടാവുക എന്ന് കേരള സർക്കാർ തിരിച്ചറിയേണ്ട മുഹൂർത്തമാണിത്. ഒരു മാസത്തെ കണക്കുകളിൽ അഭിരമിക്കുന്നില്ല. വരും മാസങ്ങളിലെ പ്രവണതകളും പ്രധാനമാണ്. പക്ഷേ കാറ്റിന്റെ ദിശ വ്യക്തമാണ്. ജി.എസ്.ടി പരിഷ്‌കാരം അതിന്റെ ലക്ഷ്യങ്ങൾ കൃത്യമായി നിറവേറ്റുകയാണെന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞു. നികുതി ലളിതമാക്കുന്നു, വില കുറയ്ക്കുന്നു, ഉയർച്ചയിലേക്ക് നയിക്കുന്നു. പൗരസൗഹൃദവും കൂടുതൽ കാര്യക്ഷമമായ ഒരു സംവിധാനം രൂപപ്പെട്ടതു വഴി വ്യാപാരം ഉത്തേജിപ്പിക്കപ്പെടുന്നു.
ഒരു ദശാബ്ദമായി ജി.എസ്.ടി പരിഷ്‌കാരത്തിനായി വാദിച്ച ഒരാളെന്ന നിലയിൽ ഞാൻ ആത്മാഭിമാനത്തിന്റെ നെറുകയിലാണ്. 2015-ലും 2016-ലും നികുതി പരിഷ്‌കാരങ്ങൾക്കായി മുന്നിട്ടുനിന്നവർ മുന്നോട്ടുവച്ച പ്രതീക്ഷാനിർഭരമായ ചില വാദഗതികളുണ്ട്. ഭാരതത്തിന് അതിന്റെ സാദ്ധ്യതകൾ തുറന്നിടാൻ ഏകീകൃതവും സുതാര്യവും മിതവുമായ നികുതി സംവിധാനം അനിവാര്യമാണ്. പ്രതിദിനം ജോലിചെയ്യുന്ന തൊഴിലാളിക്കും റിട്ടേൺസ് സമർപ്പിക്കുന്ന ചെറുകിട വ്യാപാരിക്കും മുന്നിൽ ജി.എസ്.ടിക്ക് ലാളിത്യത്തിന്റെയും നീതിയുടെയും മുഖമായിരിക്കണം.
ദീർഘകാലത്തേക്ക് ഈ 'ഇരുനില സമ്പദ് വ്യവസ്ഥ" ഭാരതത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുകയും അഴിമതി കുറയ്ക്കുകയും വൻ നിക്ഷേപങ്ങളെ ആകർഷിക്കുകയും ചെയ്യും. ഒക്ടോബറിലെ കണക്കുകൾ കേവലം ധനകാര്യ ഡാറ്റകളല്ല, രാജ്യത്തിന്റെ സാമ്പത്തിക പക്വതയുടെയും ശക്തിയുടെയും ഉറച്ച തൂണുകളാണ്. സർക്കാരുകൾ പൗരന്മാരെ വിശ്വസിക്കുമ്പോൾ, സംവിധാനങ്ങൾ ലളിതമാക്കുമ്പോൾ, ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുമ്പോൾ ചരിത്രപരമായ വിജയഗാഥകൾ തേടിയെത്തുമെന്ന് കേന്ദ്ര സർക്കാർ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
(ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമാണ് ലേഖകൻ)