സോളാർ പ്ളാന്റിന് പുതിയ ചട്ടങ്ങൾ
കേരളത്തിൽ പുരപ്പുറ സോളാർ സംവിധാനം സ്ഥാപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. 2025 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് സോളാർ സ്ഥാപിച്ചതിലൂടെ 1723 മെഗാവാട്ട് വൈദ്യുതിയാണ് ഉത്‌പാദിപ്പിക്കുന്നത്. രണ്ടുമാസം കൂടുമ്പോഴുള്ള കനത്ത വൈദ്യുതി ബില്ലിൽ നിന്ന് രക്ഷപ്പെടാനാണ് സോളാറിലേക്ക് ഉപഭോക്താക്കൾ മാറുന്നത്. പുതിയ കാലത്തിന്റെ മാറ്റം കൂടിയാണത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്നതാണ് നമ്മുടെ പരമ്പരാഗത വൈദ്യുതി ഉത്‌പാദന മാർഗങ്ങൾ. എന്നാൽ അനന്തമായ ഊർജ്ജം പ്രദാനം ചെയ്യുന്ന സൂര്യനിൽ നിന്ന് സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത് ആധുനിക ശാസ്‌ത്രത്തിന്റെ സംഭാവനകളിൽ ലോകത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ഏറ്റവും മുന്നിൽ നിൽക്കുന്ന രീതിയാണ്. അത് പ്രോത്സാഹിക്കപ്പെടേണ്ടതായതുകൊണ്ടാണ് കേന്ദ്ര സർക്കാർ സോളാർ സംവിധാനം സ്ഥാപിക്കുന്നവർക്ക് സബ്‌സിഡി നല്കുന്നത്.
വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ഉദ്‌ബോധിപ്പിക്കുന്ന കെ.എസ്.ഇ.ബി എന്നാൽ പലപ്പോഴും സോളാർ വരിക്കാർക്ക് അനുകൂലമായ നിലപാടല്ല സ്വീകരിക്കാറുള്ളത്. സോളാർ വൈദ്യുതി ഉപയോഗം കഴിഞ്ഞ് ഗ്രിഡിലേക്കു നൽകുകയും, ആ അളവിൽ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്ന നെറ്റ് മീറ്ററിംഗ് രീതി കെ.എസ്.ഇ.ബി നിറുത്താൻ പോകുന്നു എന്നുവരെ അഭ്യൂഹങ്ങളുണ്ടായി. ഈ സാഹചര്യത്തിൽ പുതിയ ചട്ടം പ്രാബല്യത്തിൽ വന്നത് നിരവധി ചിന്താക്കുഴപ്പങ്ങൾക്ക് വിരാമമിടാൻ സഹായമായിരിക്കുകയാണ്. പുനരുപയോഗ വൈദ്യുതി ഉത്‌പാദനത്തിന് ബാധകമായ പുതിയ ചട്ടങ്ങൾ റഗുലേറ്ററി കമ്മിഷനാണ് വിജ്ഞാപനം ചെയ്തത്. 2030 വരെ ഇതിന് പ്രാബല്യമുണ്ടായിരിക്കും.
പുതിയ ചട്ടത്തിലെ ഏറ്റവും ഗുണകരമായ വശം, സോളാർ ഉത്‌പാദകർക്ക് 10 കിലോവാട്ട് വരെ ബാറ്ററിയില്ലാതെ നിലവിലെ ലാഭകരമായ നെറ്റ് മീറ്ററിംഗ് സമ്പ്രദായം തുടരാം എന്നതാണ്. കേരളത്തിൽ ഭൂരിപക്ഷം ഉപഭോക്താക്കളും സ്ഥാപിക്കുന്നത് മൂന്ന് കിലോ വാട്ടിന്റെ സോളാർ സംവിധാനമാണ്. അംഗങ്ങളുടെ എണ്ണവും വീടിന്റെ വിസ്‌തൃതിയും കൂടുതലുള്ളവർ 5 കിലോവാട്ടാകും സ്ഥാപിക്കുക. അതിനാൽ ഒരു സാധാരണ ഉപഭോക്താവിന് സോളാർ വയ്ക്കുന്നതിനൊപ്പം സ്റ്റോറേജിനായി ബാറ്ററി സ്ഥാപിക്കേണ്ടിവരില്ല. ബാറ്ററിക്ക് കുറഞ്ഞത് അമ്പതിനായിരം രൂപ ചെലവാകുമെന്നതിനാൽ ആ അധിക ബാദ്ധ്യതയിൽ നിന്ന് ഭൂരിപക്ഷം പേർക്കും രക്ഷപ്പെടാം. പുതിയ ചട്ടമനുസരിച്ച്, നിലവിലുള്ളവർക്ക് 20 കിലോ വാട്ട് വരെ ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് നെറ്റ് മീറ്ററിംഗിൽ തുടരാം. 2027 ഏപ്രിൽ ഒന്നിനു ശേഷം വരുന്ന നിലയങ്ങൾക്ക് 5 കിലോവാട്ടിനു മുകളിൽ ബാറ്ററി സ്റ്റോറേജ് വേണ്ടിവരും.
നെറ്റ് മീറ്ററിംഗിലുള്ള ഒരു സോളാർ പ്ളാന്റിൽ നിന്നുള്ള അധിക വൈദ്യുതി ആ ഉത്പാദകന്റെ മറ്റ് വ്യവസായ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഉപയോഗിക്കാം. വീടിനോടു ചേർന്ന് ചെറുകിട നിർമ്മാണ യൂണിറ്റുകളും മറ്റും നടത്തുന്നവർക്ക് ഇത് വളരെ പ്രയോജനപ്പെടും. വ്യാഴാഴ്ച വരെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് എടുത്ത എല്ലാ നിലയങ്ങളും നിലവിലുള്ളവയായി കണക്കാക്കും. പുതിയ രീതിയിലുള്ള ബില്ലിംഗ് 2026 ജനുവരി ഒന്നു മുതലാണ് നിലവിൽ വരിക. അതുപോലെ തന്നെ, അതതുമാസം ഉപയോഗശേഷം മിച്ചമുള്ള വൈദ്യുതി തുടർന്നുള്ള മാസങ്ങളിലെ ഉപയോഗത്തിൽ തട്ടിക്കിഴിക്കാം. സാമ്പത്തിക വർഷാവസാനം മിച്ചമുള്ളതിന് നിലവിലുള്ള ഉത്‌പാദകർക്ക് യൂണിറ്റിന് 3.8 രൂപയും പുതിയ ഉത്‌പാദകർക്ക് 2.79 രൂപയും ലഭിക്കും. പൊതുവെ സ്വാഗതാർഹമായ ചട്ടങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. ഏറ്റവും പ്രധാന വസ്‌തുത, ഇതു സംബന്ധിച്ച ചിന്താക്കുഴപ്പങ്ങൾ നീങ്ങിക്കിട്ടി എന്നതാണ്.