'പതിരായി' പാലക്കാട്ടെ നെല്ല് സംഭരണം
നെൽകൃഷി പാലക്കാട്ടുകാരുടെ ജീവിതമാണ്. ചിറ്റൂർ, ആലത്തൂർ, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കൂകളിലെ ഗ്രാമീണരിൽ കുറേപ്പേർക്കെങ്കിലും ഇന്നും നെൽകൃഷി തൊഴിലും ഉപജീവനവുമാണ്. സർക്കാർ നൽകുന്ന മോശമല്ലാത്ത താങ്ങുവിലയിലും അനുബന്ധ സബ്സിഡികളിലും പ്രതീക്ഷയർപ്പിച്ചാണ് ഓരോ കർഷകരും വിളവിറക്കുന്നത്. പക്ഷേ, കാർഷിക മേഖലയിലയെ പരിപോഷിപ്പിക്കാനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളിലെ ആസൂത്രണമില്ലായ്മ ഈ രംഗത്തെ സ്വാഭാവിക മുന്നേറ്റങ്ങളുടെ പോലും നിറം കെടുത്തുന്നുവെന്നതാണ് കയ്പ്പേറിയ യാഥാർത്ഥ്യം. കാലാവസ്ഥ വ്യതിയാനങ്ങളെയും വന്യജീവിശല്യത്തെയും അതിജീവിച്ച് കൃഷിയിറക്കുന്ന ഇവർക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്ക് മാത്രം.
ജില്ലയിൽ നല്ലൊരു ശതമാനവും ഇടത്തരം ചെറുകിട നെൽകർഷകരാണ്. 'നെല്ല് സംഭരണം' പലകാരണങ്ങളാൽ അട്ടിമറിക്കപ്പെടുമ്പോൾ കൊയ്‌തെടുത്ത നെല്ല് കുറഞ്ഞ വിലയ്ക്ക് നൽകേണ്ട ഗതികേടിലാണ് കർഷകർ. ബാങ്ക് വായ്പയും വട്ടിപലിശക്കാരിൽ നിന്ന് വാങ്ങിയ തുകയും തിരിച്ചടയ്ക്കാൻ എന്തുചെയ്യുമെന്ന് അറിയാതെ ആശങ്കയിലാണ് ഇവർ.
ബദൽതേടി
ഉപസമിതി യോഗം
നെല്ലുസംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി ശനിയാഴ്ച പാലക്കാട് ഗസ്റ്റ് ഹൗസിൽ ഉന്നതതല യോഗം ചേരും. ആലത്തൂർ സഹകരണ ബാങ്ക് മാതൃകയിലുള്ള രീതികളെക്കുറച്ച് ആലോചിക്കാനാണ് യോഗം. സഹകരണ സംഘങ്ങൾ സംഭരണവിലയ്ക്ക് നെല്ലെടുത്ത് അരിയാക്കി സപ്ലൈകോയ്ക്ക് നൽകുന്ന രീതിയും പരിഗണനയിലുണ്ട്. നെല്ല് അരിയാക്കി സപ്ലൈകോ വഴി റേഷൻ കടകളിലേക്ക് എത്തിച്ചാലേ താങ്ങുവിലയായ 23.69 രൂപ കേന്ദ്രം നൽകൂ. സംസ്ഥാനം നൽകുന്ന പ്രോത്സാഹന ബോണസായ 6.31 രൂപ കൂടി ചേർത്താലാണ് വില 30 രൂപയിലെത്തുക. കേന്ദ്രത്തിന്റെ താങ്ങുവില നഷ്ടപ്പെടുന്നത് നെല്ലുസംഭരണ പദ്ധതിയെത്തന്നെ തകിടം മറിക്കും.
ജീവനക്കാരുടെ
കുറവ് പരിഹരിക്കണം
നെല്ലുസംഭരണത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും സപ്ലൈകോയ്ക്ക് നെല്ലളക്കാൻ സന്നദ്ധരായ കർഷകർക്ക് പച്ചച്ചീട്ട് നൽകുന്ന പ്രക്രിയ ഇഴഞ്ഞുനീങ്ങുന്നു. ഫീൽഡ് ജീവനക്കാരുടെ കുറവാണ് പ്രധാന പ്രശ്നം. നെല്ല് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെത്തി പരിശോധിച്ച് ഇനവും അളവും രേഖപ്പെടുത്തി പച്ചച്ചീട്ട് നൽകുന്നതാണ് സംഭരണത്തിന്റെ ആദ്യപടി. കൃഷിവകുപ്പിൽ നിന്ന് ജോലി ക്രമീകരണത്തിൽ 20 കൃഷി അസിസ്റ്റന്റുമാരെ അനുവദിക്കണമെന്ന് സപ്ലൈകോ കത്ത് നൽകിയിരുന്നെങ്കിലും നടപ്പായില്ല. ഫീൽഡ് പ്രവർത്തനത്തിന് 40 പേരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ സപ്ലൈകോ പാഡി മാർക്കറ്റിംഗ് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 20 പേരെയാണ് നിലവിൽ നിയമിച്ചത്. ഇവരാണ് ഇപ്പോൾ പച്ചച്ചീട്ട് നൽകുന്നത്. ദിവസം 20 സ്ഥലത്തെ നെല്ലുപരിശോധിച്ച് ചീട്ട് നൽകാനേ ഒരാൾക്കു കഴിയൂ. 20 പേരെക്കൂടി അടുത്തദിവസം നിയമിക്കുമെന്നാണ് സൂചന. സംഭരണം തുടങ്ങാത്തതിനാൽ നെല്ല് പുറത്ത് വിറ്റുപോകുന്നതുമൂലം സംഭരിക്കാൻ അധികമുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ഒന്നാംവിളക്കാലത്ത് സംഭരിച്ച നെല്ലിന്റെ 30 ശതമാനമേ ഇത്തവണ ഉണ്ടാകൂവെന്നും സൂചനയുണ്ട്. വിളവും മോശമാണ്. അളവ് കുറവാണെങ്കിലും എഴുപതോളം പഞ്ചായത്തുകളിലെ കർഷകരുടെ നെല്ല് പരിശോധിച്ച് ചീട്ട് നൽകേണ്ടതുണ്ട്.
പണം ലഭിക്കാതെ കർഷകർ
ഓയിൽ പാം നെല്ലുസംഭരിച്ച് ഒരുമാസം പിന്നിട്ടെങ്കിലും കൃഷിഭവനിൽ നിന്നുള്ള സാക്ഷ്യപത്രത്തിലെ പ്രശ്നത്തെച്ചൊല്ലി പണം കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലതവണ കൃഷി ഓഫീസിൽ കയറിയിറങ്ങിയിട്ടും നടപടിയില്ലെന്ന് കർഷകർ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ജില്ലയിലെ 150 കർഷകരിൽ നിന്ന് 450 ടൺ നെല്ലാണ് ഒന്നാംവിളക്കാലത്ത് സംഭരിച്ചത്. കർഷകന്റെ പേരും കൃഷിവിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും കാണിച്ച് കൃഷിഭവനിൽ നിന്ന് നൽകുന്ന സാക്ഷ്യപത്രത്തിൽ നെല്ലിന്റെ തൂക്കം ഉൾപ്പെടുത്തിയില്ലെന്ന് ഓയിൽ പാം ചൂണ്ടിക്കാട്ടുന്നു. ഈ വർഷം മുതലാണ് തൂക്കം ഉൾപ്പെടുത്തണമെന്ന നിബന്ധന വന്നത്. കൃഷിവകുപ്പധികൃതരും ഓയിൽ പാം അധികൃതരും നടത്തിയ ചർച്ചകൾക്കൊടുവിൽ കൃഷി ഭവനുകളിൽനിന്ന് നെല്ലിന്റെ തൂക്കം കൃഷി വിവരപ്പട്ടികയിൽ ഉൾപ്പെടുത്തി സാക്ഷ്യപത്രവും നൽകി.
എന്നാൽ, സാക്ഷ്യപത്രത്തിന്റെ ഒടുവിൽ പ്രസ്തുതവ്യക്തി കർഷകനാണെന്നും നിശ്ചിതപ്രദേശത്ത് കൃഷിചെയ്യുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു എന്നെഴുതിയ വാചകത്തിൽ തൂക്കത്തിന്റെ കാര്യം പരാമർശിക്കാത്തതാണ് ഇപ്പോൾ ഓയിൽ പാം തടസമായി ഉന്നയിക്കുന്നത്. തൂക്കം പരാമർശിക്കാതെ ഇത്തരമൊരു വാക്യമെഴുതിയത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നാണ് അധികൃതരുടെ വാദം. കൃഷി ഓഫീസിൽനിന്ന് ഒപ്പിട്ടുനൽകിയ സാക്ഷ്യപത്രത്തിലെ പട്ടികയിൽ തൂക്കം ഉൾപ്പെട്ടിട്ടുള്ളതിനാൽ ആശയക്കുഴപ്പത്തിന്റെ കാര്യമില്ലെന്നാണ് കൃഷിവകുപ്പധികൃതരും പറയുന്നു.
അതേസമയം നെല്ലുസംഭരണത്തിൽ ആലത്തൂർ സഹകരണബാങ്ക് ഇതിനോടകം സംഭരിച്ചത് മൂന്നരലക്ഷംകിലോ നെല്ലാണ്. ഒക്ടോബർ 27നാണ് ബാങ്ക് നെല്ല് സംഭരണം ആരംഭിച്ചത്. 85.75 ലക്ഷംരൂപ വിലയായി നൽകി. ആലത്തൂർ, മേലാർകോട് പഞ്ചായത്തുകളിൽ നിന്നാണ് ആദ്യം നെല്ലെടുത്തതെങ്കിലും പിന്നീടിത് 15 പഞ്ചായത്തുകളായി ഉയർത്തി. കിലോയ്ക്ക് 24.50 രൂപയ്ക്കാണ് നെല്ലെടുപ്പ്. സംഭരണ വിലയായി സർക്കാർ 30 രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മില്ലുകാർ സഹകരിക്കാത്തതിനാൽ സപ്ലൈകോ സംഭരണം പ്രതിസന്ധിയിലാണ്. 5.50 രൂപ ബാങ്കിൽ കുറവുണ്ടെങ്കിലും പൊതുവിപണിയിലെ വിലയായ 22 രൂപയേക്കാൾ മെച്ചമാണ്. കർഷകർ തൂക്കച്ചീട്ടുമായി ആലത്തൂർ സഹകരണ ബാങ്കിന്റെ ശാഖകളിൽ എത്തിയാൽ പണം നൽകും.
സപ്ലൈകോയ്ക്ക്
നെല്ല് നൽകാൻ കഴിയില്ലെന്ന്
നെല്ല് സംഭരണത്തിലെ ഔട്ട് ടേൺ റേഷ്യോ 64.5 ശതമാനമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ. അസോസിയേഷനിൽ ഉൾപ്പെട്ട മില്ലുകൾ ഇതുവരെ സംഭരണത്തിൽ പങ്കെടുത്തിട്ടില്ല. അസോസിയേഷനിൽ ഉൾപ്പെടാത്ത ഒരു പുതിയ മില്ല് മാത്രമാണ് നിലവിൽ നെല്ല് സംഭരണം ആരംഭിച്ചിരിക്കുന്നത്. മുമ്പ് സംഭരണത്തിൽ പങ്കെടുത്ത മില്ലുകൾ കോടികളുടെ കടബാദ്ധ്യതയിലാണ്. സപ്ലൈകോയ്ക്ക് നെല്ല് നൽകാൻ കഴിയില്ലെന്നും മുൻ വർഷങ്ങളിലെ ബാദ്ധ്യത 200 കോടി രൂപയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. 2022- 23, 2024-25 വർഷങ്ങളിലെ കൈകാര്യചിലവുകൾ സപ്ലൈകോ തടഞ്ഞുവച്ചിരിക്കുകയാണ്. 2023 മേയ് മുതൽ നൽകേണ്ടിയിരുന്ന കൈകാര്യ ചെലവുകൾ നൽകാതോടെ മില്ലുകളുടെ പ്രവർത്തനം താറുമാറായി. എട്ടുവർഷം മുമ്പ് സർക്കാർതല കമ്മിറ്റി ശുപാർശ ചെയ്ത ക്വിന്റലിന് 272 രൂപയുടെ കൈകാര്യ ചെലവ് വർദ്ധനവ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇപ്പോഴും ക്വിന്റലിന് 120 രൂപ മാത്രമാണ് ലഭിക്കുന്നത്. വൈദ്യുതി, ഗതാഗതം, തൊഴിലാളി വേതനം തുടങ്ങിയ ചെലവുകൾ വർദ്ധിച്ചിട്ടും സംസ്ഥാന സർക്കാർ ഒൻപത് വർഷമായി കൈകാര്യ ചെലവിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അസേസിയേഷൻ ഭാരവാഹികൾ പറയുന്നു. നെല്ല് സംഭരണ പദ്ധതി 2005-ൽ ആരംഭിക്കുമ്പോൾ 112 മില്ലുകൾ പങ്കെടുത്തിരുന്നുവെങ്കിലും, ഇപ്പോൾ അത് 56 ആയി ചുരുങ്ങി. പല മില്ലുകളും ജപ്തി ഭീഷണിയിലാണ്. സർക്കാർ ഉറപ്പുകൾ പാലിക്കാത്തതും സപ്ലൈകോയുടെ കുടിശികകളും കാരണം വ്യവസായം തകർച്ചയുടെ വക്കിലാണ്. നെല്ല് കർഷകരെ പോലെ തന്നെ നെല്ല് സംസ്‌കരിക്കുന്ന മില്ലുകളുടെയും പ്രശ്നങ്ങൾ പരിഗണിക്കണമെന്നും റൈസ് മിൽ വ്യവസായത്തിന്റെ നിലനിൽപ്പ് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതായും ഭാരവാഹികൾ പറയുന്നു.