പ്രാണൻ രക്ഷിക്കാൻ പ്രോട്ടോകോളോ?​

Saturday 08 November 2025 2:14 AM IST

ഹൃദയാഘാതം സംഭവിച്ച്,​ സഹിക്കവയ്യാത്ത നെഞ്ചുവേദനയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഒരു ഗൃഹനാഥൻ,​ കൃത്യമായ ചികിത്സയോ പരിചരണമോ കിട്ടാതെ അഞ്ചാംനാളിൽ നെഞ്ചുപൊട്ടി മരിച്ച സംഭവം ഹൃദയഭേദകം മാത്രമല്ല,​ നമ്മുടെ പൊതു ആരോഗ്യ സംവിധാനങ്ങളുടെ ഗുരുതരമായ പരിമതിയിലേക്കു കൂടി ആശങ്കയോടെ വിരൽചൂണ്ടുന്നതാണ്. വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുടെ അച്ഛൻ കൂടിയായ കൊല്ലം സ്വദേശിയും ഓട്ടോഡ്രൈവറുമായ വേണു,​ മരണത്തിനു തൊട്ടു മുമ്പ് സങ്കടവും നിരാശയും ക്ഷോഭവും തുറന്നുപറഞ്ഞ് സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം ആരോഗ്യമേഖലയിലെ 'കേരള മോഡലി"ന്റെ പേരിൽ സദാ ഊറ്റംകൊള്ളുന്ന നമുക്ക് നാണക്കേടു തന്നെയാണെന്ന് പറയാതിരിക്കാനാവില്ല. എല്ലാ മികവുകളെയും മറികടന്ന് സർക്കാർ ആശുപത്രികളിൽ ഇത്തരം ജീവനഷ്ടങ്ങൾ സംഭവിക്കുന്നതിന്റെ ഇടവേളകൾ കുറഞ്ഞുവരുന്നതാകട്ടെ,​ അതിലെ ആശങ്ക കൂട്ടുകയും ചെയ്യുന്നു.

സർക്കാർ ആശുപത്രികൾ നിർവഹിക്കുന്ന വിലമതിക്കാനാകാത്ത സേവനങ്ങളോട് എല്ലാ മതിപ്പും മനസിൽ വച്ചുകൊണ്ടുതന്നെ പറയട്ടെ,​ 'ഒരു നായയ്ക്കുള്ള പരിഗണന പോലും അഞ്ചു ദിവസമായി തനിക്കു കിട്ടിയില്ലെ"ന്ന് വേണു ആ സുഹൃത്തിനോടു പറഞ്ഞത് ഒറ്റപ്പെട്ടൊരു വിലാപം മാത്രമായി കരുതാനാകില്ല. രോഗികളുടെ ബാഹുല്യമോ,​ ഡോക്ടർമാരുടെ കുറവോ,​ സംവിധാനത്തിന്റെ തകരാറുകളോ- അധികൃതരുടെ വിശദീകരണം എന്തുമാകട്ടെ,​ ഒരു മനുഷ്യജീവനാണ് മനുഷ്യസ്രഷ്ടം തന്നെയായ സാഹചര്യങ്ങൾ കാരണം നഷ്ടമായത്. സിന്ധുവിനും മക്കളായ വിദ്യയ്ക്കും വർഷയ്ക്കും നഷ്ടമായത് കുടുംബത്തിന്റെ സ്നേഹനാഥനെയും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിടേണ്ടിവന്ന അവഗണനയുടെയും സഹായനിഷേധത്തിന്റെയും അനുഭവം വേണുവിന്റെ ഭാര്യ സിന്ധു അക്കമിട്ട് നിരത്തുന്നതു കേൾക്കുമ്പോൾ ആരോഗ്യ കേരളത്തിന്റെ കണ്ണ് നിറയുകയും ശിരസ് കുനിയുകയും ചെയ്യും.

ഹൃദയാഘാതത്തെ അതിജീവിച്ചെത്തിയ രോഗിയിലെ ധമനീതടസത്തിന്റെ തീവ്രതയും അടിയന്തര സ്വഭാവവും തിരിച്ചറിയാനുള്ള ആൻജിയോഗ്രാം പരിശോധന പോലും അഞ്ചുദിവസമായിട്ടും ചെയ്യാതിരുന്നതിന് എന്തു മറുപടിയായിരിക്കും അധികൃതർ പറയുക?​ പ്രോട്ടോകോൾ അനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ടെന്ന ഔദ്യോഗിക വിശദീകരണമാണ് ആശുപത്രി അധികൃതരുടേതായി കഴിഞ്ഞ ദിവസം കേട്ടത്. പരിശോധനകൾക്കും ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കുമെല്ലാം കൃത്യമായ പ്രോട്ടോകോൾ ഉണ്ടാകുമായിരിക്കാം. പക്ഷേ,​ അത്യാസന്ന നിലയിൽ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗിയോടും ഉറ്റവരോടുമുള്ള ജീവനക്കാരുടെ പെരുമാറ്റത്തിന് പ്രോട്ടോകോൾ ഇല്ലല്ലോ. വേണുവിനെ വീൽചെയറിൽ കൊണ്ടുപോകാൻ അറ്റൻഡറോട് സഹായം തേടിയ ഭാര്യയോട്,​ 'അതൊന്നും ഞങ്ങളുടെ ഡ്യൂട്ടിയല്ല" എന്നായിരുന്നത്രേ അയാളുടെ പ്രതികരണം. പ്രോട്ടോകോളിനും ഡ്യൂട്ടിക്കും ഇടയിൽ പിടഞ്ഞൊടുങ്ങിയത് ഒരു പ്രാണനാണെന്ന് ആരോർക്കാൻ?​

രോഗികളെ കൃത്യമായി പരിശോധിക്കാനോ വിശദാംശങ്ങൾ ചോദിച്ചറിയാനോ പോലും സമയം അനുവദിക്കാത്തത്ര തിരക്കാണ് റഫറൽ സംവിധാനമുള്ള നമ്മുടെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ. യഥാസമയം നിയമനം നടത്താതെയും,​ പുതിയ തസ്തികകൾ സൃഷ്ടിക്കാതെയും ആതുരാലയങ്ങൾ ജോലിഭാരത്തിന്റെ 'സമ്മർദ്ദശാലകളാ"യിത്തീരുമ്പോൾ ഡോക്ടർമാരുടെ നിസഹായതയും കാണാതിരുന്നുകൂടാ. ഇക്കാര്യത്തിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ തർക്കത്തിലായെന്ന വാർത്തകളും ഇതിനിടെ കണ്ടു. സർക്കാരിന്റെ ധനസ്ഥിതി നോക്കി മറ്രെന്തും മാറ്റിവയ്ക്കാം; പക്ഷേ,​ അങ്ങനെ നിഷ്കരുണം മാറ്റിവയ്ക്കുന്ന ഇനങ്ങളിൽ ഒരുകാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഡോക്ടർമാരുടെ നിയമനം സംബന്ധിച്ച ആവശ്യം. തെറ്റുകളുടെ കണക്കെടുത്തതുകൊണ്ടോ,​ കുറ്റം ആർക്കെങ്കിലും മീതെ കെട്ടിവച്ചതുകൊണ്ടോ പ്രശ്നത്തിന് പരിഹാരമാകുന്നില്ലല്ലോ. ഉന്നത ചികിത്സാലയങ്ങളിലെ തിരക്ക് കുറയ്ക്കാനും,​ അർഹരായ രോഗികൾക്ക് വിഗദ്ധ ചികിത്സ വൈകാതിരിക്കുവാനും എന്തെല്ലാം ചെയ്യാനാകുമോ,​ അതെല്ലാം ചെയ്യുകയാണ് വേണ്ടത്. ഒരു പ്രായശ്ചിത്തത്തിനു കൂടി മറക്കരുത്: വേണുവിന്റെ ആ രണ്ടു പെൺമക്കളുടെ തുടർവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുക തന്നെ വേണം. മനുഷ്യത്വമല്ല,​ അതൊരു ചുമതലയാണ്.