മില്ലുടമകളുടേത് നെല്ല് സംഭരണം തകിടം മറിക്കാനുള്ള ശ്രമം: പി.പ്രസാദ്
കുട്ടനാട്: ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യങ്ങളുയർത്തി നെല്ല് സംഭരണത്തെ തകിടം മറിക്കാനുള്ള ശ്രമമാണ് മില്ലുടമകളുടെ ഭാഗത്ത് നിന്ന് ഇത്തവണ ഉണ്ടായത്. മുഖ്യമന്ത്രി നേരിട്ട് ആദ്യം എറണാകുളത്തും അടുത്ത ദിവസം തിരുവനന്തപുരത്തും യോഗം ചേരാൻ തയ്യാറായെങ്കിലും പിന്നീട് വിവരം അറിയിക്കാമെന്ന് പറഞ്ഞ മില്ലുടമകൾ നെല്ല് സംഭരിക്കില്ലെന്ന നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.
സംഭരണ പ്രതിസന്ധി മറികടക്കാൻ കൃഷിവകുപ്പ്, സപ്ലൈകോ ഉദ്യോഗസ്ഥരുമായി മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ നടത്തിയ മന്ത്രി ജി.ആർ.അനിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.പ്രസാദ്.
പാലക്കാട്ട് പച്ചചീട്ട് രസീത് കൊടുത്ത് നെല്ല് സംഭരിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടനാട്ടിൽ നെല്ല് സംഭരിക്കാൻ തയ്യാറായ മില്ലുകാരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് എഫ്.സി.ഐ യുമായി ആലോചിച്ച് നെല്ല് സംഭരിക്കാൻ തയ്യാറായത്.
അപ്പോൾ തന്നെ അതിന്റെ പി.ആർ.എസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാക്കി കൊടുക്കും. ഒരാഴ്ചയ്ക്കകം കർഷകർക്ക് പണം ലഭ്യമാക്കും. ഇതിന് ആവശ്യമായ പി.ആർ.എസ് മെഷീനും, ഈർപ്പം പരിശോധിക്കാനുള്ള മോയിസ്റ്റർ മെഷീനും വാങ്ങാനുള്ള ഉത്തരവ് നൽകിയതായും മന്ത്രി പറഞ്ഞു. ബാങ്കുകളുടെ സമീപനവും മില്ലുകാരുടേതിന് സമാനമായിരുന്നു. അതുകൊണ്ടാണ് കേരളബാങ്കുമായി സഹകരിച്ച് പുതിയ വായ്പ് സ്വീകരിക്കുകയും പ്രതിസന്ധി മറികടക്കാനും തയ്യാറായത്. ഇത് വിജയിച്ചാൽ പി.ആർ.എസ് എഴുതി 24 മണിക്കൂറിനുള്ളിൽ നെൽ വിലകൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.