ലൈംഗികാതിക്രമം: 59 കാരന് തടവും പിഴയും

Saturday 08 November 2025 2:04 AM IST

ചേർത്തല: പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അയൽവാസിയായ 59കാരന് തടവും പിഴയും. ചേർത്തല നഗരസഭ 13ാം വാർഡിൽ വരേകാട്ട് വെളി വീട്ടിൽ ഷാജി (കപ്പ ഷാജി–59)യെയാണ് ചേർത്തല പ്രത്യേക അതിവേഗ(പോക്‌സോ) കോടതി ജഡ്ജി ആന്റണി ഷെൽമാൻ ഏഴുവർഷവും മൂന്നുമാസവും തടവും 20,500 രൂപ പിഴയും ശിക്ഷിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി അതിക്രമം നടത്തിയെന്നായിരുന്നു കേസ്. കുട്ടി അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിനോടു നിർദ്ദേശിച്ചും കോടതി ഉത്തരവായി. 2019 ഡിസംബർ 21നാണ് ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബ്ബ് ഇൻസ്പക്ടർ എസ്.ചന്ദ്രശേഖരൻ നായരാണ് അന്വേഷണം നടത്തിയത്.ആലപ്പുഴ വനിതാ സ്റ്റേഷൻ എസ്.ഐ ജെ.ശ്രീദേവി,വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ മഞ്ജുള,ഷൈനിമോൾ എന്നിവർ ഭാഗമായി.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.. ബീന കാർത്തികേയൻ ഹാജരായി.