അള്ളാങ്കുളത്ത് യോഗ സ്നേഹമാണ് സാവിത്രിയുടേത് സ്നേഹതീരവും

Friday 07 November 2025 10:09 PM IST

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭയിലെ പന്ത്രണ്ടാം വാർഡായ അള്ളാങ്കുളത്തെ മൈത്രി നഗറിൽ ഒരു സ്‌നേഹതീരം ഉണ്ട്.എഴുപത്തിയാറിലും ചുറുചുറുക്കോടെ ഓടിനടക്കുന്ന സാവിത്രിയേച്ചിയുടെ യോഗാകേന്ദ്രം. സ്ത്രീപുരുഷ ഭേദമെന്യേ നൂറിലധികം പേരെയാണ് ഇവർ ഇവിടെ യോഗ അഭ്യസിപ്പിക്കുന്നത്.

പയ്യന്നൂർ കോളേജിലെ ആദ്യ ബാച്ച് സയൻസ് വിദ്യാർത്ഥിനിയായിരുന്നു സാവിത്രി. അൻപത് വയസ് വരെ ആസ്ത‌്‌മ രോഗിയായിരുന്നു.അന്ന് മദ്രാസിൽ താമസിച്ചിരുന്ന സഹോദരൻ ബാലൻ അരവിന്ദ ആശ്രമത്തിൽ നിന്ന് യോഗ അഭ്യസിച്ചിരുന്നു. സഹോദരനിൽ നിന്നായിരുന്നു യോഗ അഭ്യസിച്ചുതുടങ്ങിയത്. ആസ്ത‌്‌മ മാറിയതിന് പിന്നാലെ 2005ൽ അമ്പതാം വയസ്സിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗിക് സയൻസ് കോഴ്സ് സർട്ടിഫിക്കറ്റ് നേടി യോഗ ട്രൈനറായി.സ്വന്തം വീട്ടു വളപ്പിൽ ചെറിയൊരു ഹാൾ ഒരുക്കി ആരംഭിച്ച യോഗ ക്ളാസ് കണ്ണൂർ ജില്ലയിൽ തന്നെ അറിയപ്പെടുന്ന വലിയ യോഗ സെന്ററായി മാറിയതാണ് സാവിത്രിയുടെ സ്നേഹതീരത്തിന്റെ പിന്നിലെ ചരിത്രം. ജില്ലയുടെ പല ഭാഗങ്ങളിൽ സാവിത്രിയേച്ചിക്ക് നൂറുകണക്കിന് ശിഷ്യരുണ്ട്.പലതരത്തിലുള്ള രോഗങ്ങൾക്ക് പരിഹാരമായി യോഗ അഭ്യസിക്കാൻ ആളുകൾ ഇവിടെ എത്തുന്നുണ്ട്. നാനാജാതി മതസ്ഥരുടെ ഒരു കൂട്ടായ്മകൂടിയാണ് സ്‌നേഹതീരം.ഇവിടെ എല്ലാവരും ഒറ്റ കുടുംബമാണ്. ആഘോഷങ്ങളും ഇവർക്ക് ഒന്നിച്ചാണ്. പ്രദേശത്തിന്റെ കലാസാംസ്‌കാരിക രംഗത്തും സാമൂഹ്യ സേവനരംഗത്തും കുടുംബശ്രീയിലും വാർഡിലെ ക്ലീനിംഗ് പ്രവർത്തനത്തിലും സാവിത്രി മുന്നിലുണ്ടെന്ന് അള്ളാംകുളത്തുകാർ പറയും.യോഗ പഠിതാക്കളുമൊത്ത് ഒഴിവ് സമയങ്ങളിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതും ഇവരുടെ പതിവാണ്. പാട്ടും ചിരിയും കളിയുമൊക്കെയായി ഉത്സവ അന്തരീക്ഷമാണ് എന്നും ഇവിടെ. യോഗയിലൂടെ ആരോഗ്യവും ആനന്ദവും ജീവിതചര്യയാക്കിയാൽ ഏത് രോഗത്തെയും മറി കടക്കാമെന്നതാണ് പഠിതാക്കൾക്ക് ഇവർ നൽകുന്ന സന്ദേശം.പരേതനായ രാജപ്പനാണ് ഭർത്താവ് സാജൻ,ബിജു,സീജ എന്നിവർ മക്കൾ.