ആദ്യ ആഴ്ച്ചയിലെ സൗജന്യനിരക്കും ഫലം കണ്ടില്ല; മൾട്ടിലെവൽ പാർക്കിംഗ് സെന്റർ ഉണ്ടായിട്ടും ആഭിമുഖ്യം അനധികൃത പാർക്കിംഗിനോട്

Friday 07 November 2025 10:10 PM IST

കണ്ണൂർ : ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിട്ടിട്ടും കോർപ്പറേഷന്റെ മൾട്ടി ലെവൻ കാ‌ർപാർക്കിംഗ് കേന്ദ്രത്തിലേക്ക് വാഹനങ്ങൾ എത്തുന്നില്ല. ആദ്യ ആഴ്ചയിൽ സൗജന്യമായി വാഹനം പാർക്ക് ചെയ്യാമെന്ന വാഗ്ദാനം നൽകിയിട്ടും ആളുകൾ തലങ്ങും വിലങ്ങും അനധികൃതമായി കാറുകളും മറ്റ് വാഹനങ്ങളും നിർത്തിയിടുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് കാ‌ർപാർക്കിംഗ് കേന്ദ്രം ജനങ്ങൾക്ക് തുറന്ന് നൽകിയത്. കണ്ണൂർ സ്റ്റേഡിയം കോർണ്ണറിന് സമീപമാണ് വർഷങ്ങൾക്കു മുൻപ് പ്രവൃത്തി ആരംഭിച്ച കേന്ദ്രം പൂർത്തിയാക്കി തുറന്നുകൊടുത്തത്.

നഗരത്തിൽ പലയിടത്തും അനധികൃത പാർക്കിംഗ് തുടരുകയാണ്. റെയിൽവെയുടെ കിഴക്കേ കവാടത്തുളള കാർ പാർക്കിംഗ് കേന്ദ്രം ആളുകൾ ഉപയോഗിക്കുന്നുണ്ട്. നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുള്ള പൊലീസ് മൈതാനിയുടെ സമീപത്തടക്കം അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. അധികൃതർ ഇത്തരം പ്രവണതകൾക്കെതിരെ കർശ്ശന നടപടി എടുക്കാത്തത് നിയമലംഘകർക്ക് സഹായമാകുന്നു.

പാർക്കിംഗിന് സജ്ജമായി ആറുനില

പത്തിൽ താഴെ വാഹനങ്ങൾ മാത്രം

കോർപ്പറേഷൻ നിർമ്മിച്ച ആറ് നിലയുളള കാർ പാ‌ർക്കിംഗ് കേന്ദ്രത്തിൽ പത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് ദിവസവും എത്തുന്നത്.വാഹനങ്ങൾ പൊതുവെ എത്താത്ത സ്ഥലത്താണ് കോർപ്പറേഷൻ കാർ പാ‌ർക്കിംഗ് കേന്ദ്രം ആരംഭിച്ചതെന്ന ആക്ഷേപവും ഇതിനിടെ ഉയരുന്നുണ്ട്.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോർപ്പറേഷന്റെ മുഖം മിനുക്കുന്നതിനാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരക്കിട്ട് നിർവ്വഹിച്ചതെന്നാണ് പൊതുവേയുള്ള ആക്ഷേപം.ദീർഘകാലമായി ഇഴഞ്ഞുനീങ്ങിയ നിർമ്മാണമായതിനാൽ പാർക്കിംഗ് കേന്ദ്രത്തിന്റെ മിക്ക ഭാഗങ്ങളും തുരുമ്പെടുത്തിട്ടുണ്ട്.നിലവിൽ ഇവയിൽ ഓരോ ഭാഗങ്ങളും അഴിച്ച് അറ്റകുറ്റപണി നടത്തിവരികയാണ്.

24 മണിക്കൂറും സജ്ജമാണ് മർൾട്ടി ലെവൽ കാർ പാ‌ർക്കിംഗ് കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ആദ്യ രണ്ട് മണിക്കൂറിൽ 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയും എന്നതാണ് നിരക്ക്. എട്ട് മണിക്കൂർ വരെ പാർക്ക് ചെയ്യാം. 24 മണിക്കൂർ വാഹനം പാർക്ക് ചെയ്യുന്നതിനായി 150 രൂപയും 30 ദിവസത്തേക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി 3500 രൂപ ഒടുക്കണം. വാഹന ഉടമകളിൽ നിന്നു ടാഗ് നഷ്ടപ്പെട്ടാൽ പുതിയ ടാഗിന് 300 രൂപ പിഴ ഈടാക്കും .അടുത്ത ആഴ്ച ബാങ്ക് റോഡ് പീതാംബര പാർക്കിലും മൾട്ടി ലവൽ പാർക്കിംഗ് കേന്ദ്രം തുറക്കാനൊരുങ്ങുകയാണ്.രണ്ട് കാർ പാർക്കിംഗ് കേന്ദ്രങ്ങൾക്കുമായി 12.4 കോടി രൂപയാണ് ചിലവ്.നാലു യൂണിറ്റുകളാണ് കേന്ദ്രങ്ങളിലുള്ളത്. ഓരോ യൂണിറ്റിലും 31 വീതം കാറുകളും.ഒരു കേന്ദ്രത്തിൽ ഒരേസമയം 124 കാറുകൾക്ക് പാർക്ക് ചെയ്യാം.