സ്കൂളുകളിൽ സാനിട്ടറി നാപ്കിൻ സംസ്കരണത്തിന് പദ്ധതി

Saturday 08 November 2025 2:04 AM IST

ആലപ്പുഴ : സ്കൂളുകളിൽ സാനിട്ടറി നാപ്കിനുകൾ സംസ്കരിക്കുന്നതിന് ടോയ്ലെറ്റ് ബ്ലോക്കുകളിൽ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി ജില്ലയിൽ ഈ മാസം ആരംഭിക്കും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. ഒരു ഇൻസിനറേറ്രർ സ്ഥാപിക്കുന്നതിന് 50,000 രൂപയോളം ചെലവ് വരും. ഹരിത കേരളം മിഷന്റെ 'നെറ്റ് സീറോ കാർബൺ' പദ്ധതിയുടെ ഭാഗമായാണിവ സ്ഥാപിക്കുക.

. മലിനീകരണ നിയന്ത്രണബോ‌ഡിന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇൻസിനറേറ്റർ എങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റി അദ്ധ്യാപകർക്കും വിദ്യാ‌ർത്ഥികൾക്കും ക്ലാസ് നൽകും. ടോയ്ലെറ്റുകളിൽ ഒരു പവർ പ്ലഗ് സ്ഥാപിക്കണം. സ്വിച്ച് ഇട്ട്, നാപ്കിൻ യന്ത്രത്തിനുള്ളിൽ നിക്ഷേപിച്ചാൽ അത് സംസ്‌കരിച്ച് ചാരമായി മാറും. ഇത് എടുത്ത് കളയുക മാത്രമാണ് ചെയ്യേണ്ടത്. എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡാണ് യന്ത്രം നൽകുന്നത്.

ഇൻസിനറേറ്ററുകൾ സ്ഥാപിക്കും

 ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഉടൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന സ്കൂളുകളുടെ പട്ടിക തയ്യാറാക്കിവരികയാണ്

 എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നുവീതമെങ്കിലും സ്കൂളുകളിൽ സ്ഥാപിക്കാനാണ് സംസ്ഥാനതലത്തിൽനിന്നുള്ള നിർദ്ദേശം

 അതിനായി ആദ്യഘട്ടത്തിൽ ജില്ലയിൽ 12 ബ്ലോക്കുകളിലും, ആറ് നഗരസഭകളിലും, കൂടാതെ തിരഞ്ഞെടുത്ത മറ്റ് അഞ്ച് സ്കൂളുകളിലുമാണ് നടപ്പാക്കുന്നത്

 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവിടുത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഇത് ഉപയോഗിക്കാം

ആദ്യഘട്ടം

23സ്കൂളുകളിൽ

പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. മലിനീകരണം തീരെയില്ലാത്ത രീതിയിൽ മലനീകരണ നിയന്ത്രണ ബോ‌ർഡിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മാസം തന്നെ പദ്ധതി ആരംഭിക്കും. കെ.എസ്. രാജേഷ്

-ജില്ലാ കോഓർഡിനേറ്റർ,

ഹരിതകേരളം മിഷൻ