കോൺഗ്രസിൽ ഉടക്ക്... സ്ഥാനാർത്ഥി പ്രഖ്യാപനം വൈകും..?

Saturday 08 November 2025 12:24 AM IST

  • ചർച്ചകൾ സജീവമാക്കി എൽ.ഡി.എഫും ബി.ജെ.പിയും

തൃശൂർ: മുതിർന്ന നേതാക്കളുടെ ഉടക്കിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുമെന്ന് സൂചന. ഇന്നലെ ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ എതാനും ദിവസങ്ങളായി നടത്തിയ ചർച്ചയിൽ തീരുമാനമായതായിരുന്നു. ഇതിനിടെ എതാനും സീറ്റുകളിൽ മുതിർന്ന നേതാക്കൾ ഉടക്കിട്ടതോടെ പ്രഖ്യാപനം മാറ്റുകയായിരുന്നു. നാൽപതോളം സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇന്നലെ ചേർന്ന യോഗത്തിൽ താൻ നൽകിയ ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്ന ആവശ്യം ഒരു നേതാവ് ഉന്നയിച്ചതായി പറയുന്നു. ഇതിൽ തർക്കം ഉയർന്നതോടെ നേതാവ് ഇറങ്ങിപ്പോയത്രെ. മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് കോർപറേഷിനലെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നത്. തിങ്കളാഴ്ച്ച എല്ലാ സീറ്റുകളിലേക്കും ഒറ്റത്തവണയായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. ജോൺ ഡാനിയൽ, രാജൻ പല്ലൻ, എ.പ്രസാദ്, ലാലി ജയിംസ്, സുബി ബാബു, കെ.ഗിരീഷ് കുമാർ ഉൾപ്പടെയുള്ളവർ സ്ഥാനാർത്ഥികളായേക്കും. പല ഡിവിഷനുകളിലും പുതുമുഖങ്ങളും വന്നേക്കും. നേതാക്കളുടെ നടപടിയിൽ തേറമ്പിൽ രാമകൃഷ്ണൻ അതൃപ്തി രേഖപ്പെടുത്തിയതായി അറിയുന്നു.

സീറ്റിനായി കരുനീക്കം

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി എൽ.ഡി.എഫിലെ പ്രമുഖ കക്ഷികൾ സീറ്റിനായി കരുനീക്കം തുടങ്ങി. കഴിഞ്ഞ തവണ കോൺഗ്രസ് വിമതനായ എം.കെ.വർഗീസിനെ തങ്ങളുടെ പക്ഷത്ത് എത്തിച്ച് ഭരണം നിലനിറുത്തിയെങ്കിലും എൽ.ഡി.എഫിന് സുഗമമമായ രീതിയിൽ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. സി.പി.ഐ പലപ്പോഴും മേയർക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ജനതാദൾ അംഗവും ഡെപ്യൂട്ടി മേയറും മേയർക്കെതിരെ ശക്തമായി എതിർപ്പാണ് പ്രകടിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ കൃത്യമായി രീതിയിൽ സ്ഥാനാർത്ഥി നിർണയം നടത്തിയിരുന്നത്. സ്ഥാനാർത്ഥി നിർണയം അത്ര സുഖമല്ല. പല ഡിവിഷനുകളിലും രണ്ടും മൂന്നു പേരുകൾ ഉയർന്നിട്ടുണ്ട്. ബി.ജെ.പിക്കുള്ളിലും സീറ്റിനായി ചരടുവലികൾ ശക്തമാണ്. ഒരോ ഡിവിഷനിലും രണ്ടും മൂന്നും പേരും രംഗത്തുണ്ട്.