എരിക്കുളത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാചിത്രങ്ങൾ

Friday 07 November 2025 10:33 PM IST

കാഞ്ഞങ്ങാട്: മടിക്കൈ എരിക്കുളം വലിയപാറയിലെ പുൽമേടുകൾക്കിടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാചിത്രങ്ങൾ കണ്ടെത്തി. പരുന്തിന്റെയും പാമ്പിന്റേയും ചിത്രങ്ങൾ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് കോറിയിട്ടതാണെന്ന് കരുതുന്നു. നെഹ്റു കോളേജിലെ ചരിത്രാദ്ധ്യാപകനും ഗവേഷകനുമായ ഡോ.നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകൻ സതീശൻ കാളിയാനം, ബറോഡ സർവ്വകലാശാലയിലെ പുരാവസ്തു വിഭാഗം വിദ്യാർത്ഥികളായ അനഘ ശിവരാമകൃഷ്ണൻ, അസ്ന ജിജി എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ് ശിലാ ചിത്രങ്ങൾ കണ്ടെത്തിയത്.

ഇതിന് സമീപത്തായി മനുഷ്യമുഖത്തിനോട് സാദൃശ്യമുള്ള അവ്യക്തമായ രൂപവും കൊത്തി വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ കഴിഞ്ഞ മനുഷ്യർ വിശ്രമവേളകളിൽ പുൽമേടുകൾ നിറഞ്ഞ വിശാലമായ വലിയ പാറയിൽ ഇരതേടി പറന്നിറങ്ങുന്ന പരുന്തിന്റെയും പുല്ലുകൾക്കിടയിലൂടെ ഇഴഞ്ഞു. നീങ്ങുന്ന പാമ്പിന്റേയും രൂപങ്ങൾ കൊത്തിവച്ചതായിരിക്കാനാണ് സാദ്ധ്യതയെന്ന് ഗവേഷണകർ പറഞ്ഞു. മരച്ചില്ലയിൽ പറന്നിറങ്ങുന്ന രീതിയിൽ ഒരു കാൽ പുറത്തേക്ക് നീട്ടിയാണ് പരുന്തിന്റെ ചിത്രം.

നീലേശ്വരം ആലിൻകീഴ് പാമ്പു കൊത്തിപ്പാറയിലെ സർപ്പ ശിലാചിത്രത്തോട് സാമ്യമുള്ള രൂപമാണ് വലിയപാറയിലെ സർപ്പത്തിന്റെ ചിത്രത്തിനുള്ളത്.

ശിലാചിത്രങ്ങളുടെ എണ്ണം ഇരുന്നൂറ് പിന്നിട്ടു

വലിയ പാറയ്ക്ക് സമീപമുള്ള ഉമിച്ചിയിൽ പാറപ്പുറത്ത് കാടിപ്പലകയാണെന്ന് നാട്ടുകാർ വിളിക്കുന്ന അടയാളപ്പെടുത്തലുകൾ മൃഗങ്ങളുടെ കാൽപ്പാടുകൾ കൊത്തിവെച്ചതാണെന്ന് ഗവേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. മൃഗങ്ങളുടെ പത്തിലധികം കാൽപ്പാടുകളാണ് ഈ പാറയിൽ കൊത്തി വച്ചിട്ടുള്ളത്. ചീമേനി അരിയിട്ട പാറയിലും മനുഷ്യന്റേയും മൃഗങ്ങളുടേയും ചിത്രങ്ങൾക്ക് പുറമെ മൃഗങ്ങളുടെ അറുപതിലധികം കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.. കാഞ്ഞിരപൊയിലിൽ നാല്പതിലധികം ജോഡി പാദമുദ്രകൾ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തലുകളോടെ കാസർകോട് ജില്ലയിൽ നിന്ന് മാത്രം കണ്ടെത്തിയ ശിലാചിത്രങ്ങൾ ഇരുന്നൂറ് കവിഞ്ഞു. ശിലാചിത്രങ്ങൾ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ വിലപ്പെട്ട ചരിത്ര ശേഷിപ്പുകൾ നഷ്ടപ്പെട്ടുപോകുമെന്നാണ് ഗവേഷകരുടെ പക്ഷം.