അഭിനയത്തിന്റെ പുത്തൻ പോർമുഖം,​ പ്രണവ് ഓർമ്മിപ്പിക്കുന്നത് ഹോളിവുഡിലെ ആ വിസ്മയത്തെ,​ അഭിനന്ദിച്ച് ഭദ്രൻ

Friday 07 November 2025 10:44 PM IST

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറൈ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ട ശേഷം സംവിധായകൻ ഭദ്രൻ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സത്യസന്ധമായ ഒരു കണ്ടന്റ് പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ താനടക്കമുള്ള പ്രേക്ഷക‍ർ മുൾമുനയിൽ നിന്നെന്ന് ഭദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർമുഖം ഉടനീളം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 80കളിലും 90കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച അൽ പാച്ചിനോയെ ഓർമ്മിപ്പിക്കുന്നതാണ് പ്രണവിന്റെ അഭിനയമെന്നും ഭദ്രൻ പറഞ്ഞു,​ ചിത്രത്തിന്റെ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവറിനെയും അദ്ദേഹം അഭിനന്ദിച്ചു.

ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ സദാശിവന്റെ "ഭൂതകാലം" അന്ന് കണ്ടപ്പഴേ അത്യപൂർവമായ ഒരു സിനിമയായി തോന്നി...

പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു.

ഇപ്പോൾ ഇറങ്ങിയ "Diés Iraé" എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാൻ മനസ്സിൽ ഒരു urge ഉണ്ടായി.

ഈ സിനിമകളുടെ ജോണറുകളിൽ എല്ലാം സമാനതകൾ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി.

സത്യസന്ധമായ ഒരു content പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ പ്രേക്ഷകർ മുൾമുനയിൽ തന്നെ നിന്നു. ഞാൻ അടക്കം.

Well Done Rahul

പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർ മുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച Al pacino യെ ഞാൻ ഓർത്തുപോയി..

സ്ഥിരം സിനിമകളിൽ കാണുന്ന അട്ടഹാസങ്ങളോ പോർവിളികളൊ അല്ലാത്ത ഒരു attire നും പ്രാധാന്യം നൽകാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉൾക്കൊണ്ട്, വരച്ച വരയിൽ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു.

"Hey pranav, നീ ലാലിന്റെ ചക്കരകുട്ടൻ തന്നെ "

ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും , സൈലെൻസുകളും , സൗണ്ട് ഡിസൈനും , എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയൻറ് ബാക്ക്ഗ്രൗണ്ട് സ്കോറും fabulous.

ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദങ്ങളും...