കുടിയേറ്റ മേഖലയിൽ കണ്ണുനട്ട് ബി.ജെ.പി ; ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥികൾ കൂടും
ഒൻപത് പഞ്ചായത്തുകളിലെ 47 വാർഡുകളിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുടിയേറ്റമേഖലയിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി. സ്ഥാനാർത്ഥി പട്ടികയിൽ ക്രിസ്ത്യൻ സമുദായത്തിന് പ്രത്യേക സംവരണം നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം. സഭകളുമായി അടുപ്പം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജിന്റെനേതൃത്വത്തിൽ സർവേ നടത്തിയശേഷമാണ് ഈ തീരുമാനമെന്നാണ് വിവരം.
ബി.ജെ.പി. കണ്ണൂർനോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ ഇറക്കിയ സർക്കുലറിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി നടത്തിയ സർവേയിൽ ഓരോ പഞ്ചായത്തിലും ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് എന്നാണ് സർക്കുലറിലുള്ളത്. കണ്ണൂരിലെ മലയോരമേഖലയിലെ ഒമ്പത് പഞ്ചായത്തുകളിലെ 47 വാർഡുകളിലാണ് ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം. ഗ്രാമ പഞ്ചായത്തുകളിൽ കൃത്യമായ അനുപാതത്തിൽ ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ളവരെ മത്സരിപ്പിക്കണമെന്നാണ് സംസ്ഥാനനേതൃത്വം ജില്ലാനേതൃത്വത്തിന് നൽകിയ നിർദേശം. പഞ്ചായത്തുകളുടെ പേരും അതതു പഞ്ചായത്തിൽ നിന്ന് എത്ര സീറ്റുകൾ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾക്ക് നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സർക്കുലർ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
പഞ്ചായത്തുകൾ ( സീറ്റുകൾ)
ഉദയഗിരി 4
ആലക്കോട്4
നടുവിൽ 8
ഏരുവേശി 7
പയ്യാവൂർ 8
ഉളിക്കൽ 9
ശ്രീകണ്ഠാപുരം2
ചപ്പാരപ്പടവ് 2
ചെറുപുഴ 3
ആകെ: 47