വാഹനാപകട നഷ്‌ടപരിഹാരക്കേസ്: 6 മാസ പരിധിക്ക് സ്റ്റേ

Saturday 08 November 2025 12:56 AM IST

ന്യൂഡൽഹി: വാഹനാപകട നഷ്‌ടപരിഹാരക്കേസുകൾ ഫയൽ ചെയ്യാൻ 6 മാസം സമയപരിധി നിഷ്ക്കർഷിക്കുന്ന മോട്ടോർ വാഹന നിയമത്തിലെ 166(3) വകുപ്പ് സുപ്രീംകോടതി സ്റ്റേ ചെയ്‌തു. വാഹനാപകടമുണ്ടായി ആറുമാസത്തിനകം നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജി നൽകണമെന്നായിരുന്നു വ്യവസ്ഥ. വൈകലുണ്ടായാൽ കക്ഷികൾക്ക് തിരിച്ചടിയാകുന്ന സാഹചര്യമായിരുന്നു. ഇതിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.

സമയ പരിധി കഴിഞ്ഞു പോയെന്ന് പറഞ്ഞ് ഹർജികൾ തള്ളരുതെന്ന് രാജ്യത്തെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകൾക്കും (എം.എ.സി.ടി), ഹൈക്കോടതികൾക്കും നിർദ്ദേശം നൽകി. കേന്ദ്ര സർക്കാരിന്റെ നിലപാട് രണ്ടാഴ്ചയ്‌ക്കകം അറിയിക്കണം. വാഹനാപകട നഷ്‌ടപരിഹാരക്കേസ് പരിഗണിക്കവെയാണിത്. വിഷയം നവംബർ 25ന് വീണ്ടും പരിഗണിക്കും.