തെരുവുനായ്ക്കൾക്കെതിരെ രണ്ടുപതിറ്റാണ്ടു മുൻപേ നിയമയുദ്ധം...

Saturday 08 November 2025 1:09 AM IST

  • ഇവിടെയുണ്ട്....ആ ഡി.എം.ഒ

തൃശൂർ: വയനാട് ജില്ലയിൽ ഒരു വർഷം മാത്രം 49 ലക്ഷം രൂപ പേവിഷ പ്രതിരോധ വാക്‌സിൻ വാങ്ങാൻ ചെലവിട്ടുവെന്ന റിപ്പോർട്ട് വന്നപ്പോൾ തെരുവുനായ്ക്കൾക്കെതിരെ നിയമയുദ്ധം നടത്തിയത് ഒരു ഡി.എം.ഒ ആയിരുന്നു, കയ്പമംഗലത്ത് ജനിച്ച ഡോ. എം.ആർ.രവി. പൊതുഇടങ്ങളിലെ തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി പുറത്തുവരുമ്പോൾ, അന്നത്തെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഉത്തരവ് ഓർത്തെടുക്കുകയാണ് അദ്ദേഹം.

രണ്ടുപതിറ്റാണ്ട് മുൻപ്, 2005ലായിരുന്നു സംഭവം. അന്ന് വയനാട്ടിൽ നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുവെന്ന റിപ്പോർട്ട് അദ്ദേഹത്തെ ഞെട്ടിച്ചു. വാക്‌സിന്റെ ചെലവ് ലക്ഷങ്ങളാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആദിവാസി വൃദ്ധയുടെ പരാതിയായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ സമർപ്പിച്ചാണ് ഡോ. രവി പരിഹാരം കണ്ടെത്തിയത്. അതോറിറ്റി ചെയർമാനായിരുന്ന ജസ്റ്റിസ് വിജയകുമാർ എല്ലാ വകുപ്പുകളുടേയും വിശദീകരണം കേട്ട് മൂന്ന് മാസമെടുത്താണ് വിധിച്ചത്. നിർദ്ദേശങ്ങൾ നടപ്പാക്കാൻ മൂന്നുമാസം സമയവും കൊടുത്തു. അതിനുശേഷം നടപ്പാക്കാത്ത സ്ഥലങ്ങളിലെ നായ്ക്കളെ കൊല്ലാനുമാണ് വിധിച്ചത്. ജീവിക്കാനുള്ള അവകാശം മറ്റെല്ലാ അവകാശത്തിനേക്കാളും മുകളിലാണെന്നും വിധിയിൽ സൂചിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഇങ്ങനെ ഒരു ചരിത്രവിധി ആദ്യമായിരുന്നു.

കടിയേറ്റാൽ നഷ്ടം പലവിധം

നായയുടെ കടിയേറ്റാൽ ദിവസങ്ങളോളം ജോലി നഷ്ടപ്പെടും, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങും, വാക്‌സിനേഷനുവേണ്ടി കുട്ടികളെ കൊണ്ടുവരേണ്ടതിനാൽ മാതാപിതാക്കളുടെ ജോലിയും മുടങ്ങും. സാമ്പത്തിക നഷ്ടങ്ങളും മാനസികപ്രയാസങ്ങളും കണക്കിലെടുത്താൽ തെരുവുനായ ആക്രമണം സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നായിരുന്നു ചൂണ്ടിക്കാണിച്ചത്.

പരിമിതമായ സാഹചര്യങ്ങളിലും പാവപ്പെട്ട രോഗികൾക്കു വേണ്ടി ആതുരസേവനം ചെയ്യുന്നതിൽ ശ്രദ്ധാലുവായിരുന്ന ഡോ. രവി, സീതത്തോടും പൂമലയിലും അട്ടപ്പാടിയിലും പിന്നാക്ക ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യസംരക്ഷണം ഏറ്റെടുത്തിരുന്നു.

ഇരുപത് വർഷം മുൻപ് വയനാട്ടിൽ നടത്തിയ നിയമപോരാട്ടം ഇപ്പോൾ സുപ്രീംകോടതി ഉത്തരവിലൂടെ ചർച്ചയാകുമ്പോൾ സംതൃപ്തിയുണ്ട്. -ഡോ. എം.ആർ.രവി