നേമം സഹ. ബാങ്കിലും മുൻ ഭരണസമിതി അംഗങ്ങളുടെ വസതിയിലും ഇ.ഡി റെയ്ഡ്

Saturday 08 November 2025 1:26 AM IST

നേമം: നേമം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബാങ്ക് ആസ്ഥാനത്തിനുപുറമേ മുൻ ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തി. കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്.

രാവിലെ 7 മുതൽ ഒരേസമയത്ത് അഞ്ചിടത്താണ് റെയ്ഡ് നടത്തിയത്. മുൻ സെക്രട്ടറി എസ്.ബാലചന്ദ്രൻ,മുൻ പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ ആർ.പ്രദീപ് കുമാർ,മറ്റു ഭരണസമിതി അംഗങ്ങൾ തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തി. സി.ആർ.പി.എഫിന്റെ സുരക്ഷയിൽ നടന്ന പരിശോധനയിൽ ക്രമക്കേട് സംബന്ധിച്ച നിരവധി രേഖകൾ കിട്ടിയെന്നാണ് സൂചന.

96 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് സർക്കാർ നിയമിച്ച അന്വേഷണസമിതി നേരത്തെ കണ്ടെത്തിയത്. ക്രമക്കേടിൽ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുൻ സെക്രട്ടറി ബാലചന്ദ്രൻ നായർ,സി.പി.എം ഏരിയ കമ്മിറ്റിയംഗമായിരുന്ന ആർ.പ്രദീപ് കുമാർ,മുൻ സെക്രട്ടറിമാരായ എ.ആർ.രാജേന്ദ്ര കുമാർ,എസ്.എസ്.സന്ധ്യ എന്നിവരെ അറസ്റ്റ്‌ ചെയ്‌തിരുന്നു. നിക്ഷേപക കൂട്ടായ്മയുടെ പരാതിയിൽ ഇ.ഡി നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്ന് കൺവീനർ ശാന്തിവിള മുജീബ് റഹ്മാനും സെക്രട്ടറി കൈമനം സുരേഷും അറിയിച്ചു.

വെള്ളറടയിലും റെയ്ഡ്

ക്രമക്കേടുമായി ബന്ധപ്പെട്ട് ബിസിനസുകാരൻ എഫ്.ജോയിയുടെ വെള്ളറട ആറാട്ടുകുഴിയിലെ വസതിയിലും ഇ.ഡി പരിശോധന നടത്തി. എട്ടുകോടിയിലധികം രൂപ ഇയാൾ ഫിക്‌സ‌ഡ് ഡെപ്പോസിറ്റായി നേമം ബാങ്കിൽ നിക്ഷേപിച്ചു. ഈ തുക പല ഘട്ടങ്ങളായി പിൻവലിക്കുകയും ചെയ്തു. എന്നാൽ ബാങ്ക് നൽകിയ ഡെപ്പോസിറ്റ് റെസീപ്റ്റ് തിരികെ വാങ്ങാതെ, കെ.എസ്.എഫ്.ഇയിൽ നിന്നും 5 കോടിയിലധികം രൂപ ഇയാൾ ലോണെടുത്തു. ഈ കബളിപ്പിക്കലിന് നേമം ബാങ്ക് സെക്രട്ടറി കൂട്ടുനിന്നു. ഇതുസംബന്ധിച്ച വാർത്ത ആഗസ്റ്റ് 25ന് കേരളകൗമുദി റിപ്പോർട്ട്‌ ചെയ്‌തിരുന്നു.