"അവർ എന്റെ അടിവസ്ത്രങ്ങളടക്കം ഊരിമാറ്റി, കെട്ടിയിട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ചു"
ടെൽ അവീവ്: ഹമാസ് ബന്ദിയാക്കിയ ശേഷം മോചിപ്പിച്ചവരിൽ ഒരാളായ ഇസ്രയേൽ യുവാവ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഇസ്രയേൽ മാദ്ധ്യമമായ ചാനൽ 13ന് നൽകിയ അഭിമുഖത്തിലാണ് 21കാരനായ റോം ബ്രാസ്ലാവ്സ്കി ബന്ദിയാക്കപ്പെട്ടപ്പോൾ താൻ അനുഭവിച്ച പീഡനങ്ങൾ തുറന്നു പറഞ്ഞത്. ഹമാസ് മോചിതരാക്കിയ നാലു സ്ത്രീകൾ ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു പുരുഷന്റെ വെളിപ്പെടുത്തൽ.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് ബ്രാസ്ലാവ്സ്കി ബന്ദിയാക്കപ്പെട്ടത്. ഇസ്രയേൽ സൈന്യത്തിലെ സൈനിക സേവനത്തിൽ നിന്ന് അവധിയെടുത്ത് തെക്കൻ ഇസ്രയേലിലെ കിബുറ്റ്സിൽ നടന്ന ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു ബ്രാസ്ലാവ്സ്കി. അന്ന് 1200ലേറെ പേരെ വധിച്ച ഹമാസ് ഇരുനൂറിലേറെ പേരെ തട്ടിക്കൊണ്ടു പോയിരുന്നു. അവരിൽ ഒരാളാണ് യുവാവ്. തന്നെ മതം മാറാൻ നിർബന്ധിച്ചുവെന്നും വിസമ്മതിച്ചപ്പോൾ അതിക്രൂരമായി പെരുമാറിയെന്നും യുവാവ് പറഞ്ഞു. അവർ തന്നെ കെട്ടിയിട്ട് ഇടിച്ചു. ഇരുമ്പ് കേബിൾ ഉപയോഗിച്ച് മർദ്ദിച്ചു. 2025 ആഗസ്റ്റിൽ പാലസ്തീൻ ഇസ്ലാമിക് ജിഹാദ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ബ്രാസ്ലാവ്സ്കി കരയുന്നതും മരണത്തിന്റെ വക്കിലാണെന്ന് പറയുന്നതും കാണാം.
ഈ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം അവർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവർ എന്റെ എല്ലാ വസ്ത്രങ്ങളും, അടിവസ്ത്രങ്ങളുൾപ്പെടെ ഊരിമാറ്റി. എന്നെ കെട്ടിയിട്ടു. ഭക്ഷണമില്ലാതെ ഞാൻ മരിച്ചു പോകുമെന്ന് കരുതി. തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളെ കുറിച്ച് കൂടുതകൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നും അഭിമുഖത്തിൽ ബ്രാസ്ലാവ്സ്കി വ്യക്തമാക്കുന്നു. അതേസമയം തടവറയിലെ ഭീകരത തുറന്നുപറഞ്ഞ ബ്രാസ്ലാവ്സ്കി അസാധാരണമായ ധൈര്യമാണ് പ്രകടിപ്പിച്ചതെന്ന് ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗ് പറഞ്ഞു. എന്നാൽ ബ്രാസ്ലാവ്സ്കിയുടെ ആരോപണങ്ങൾ തെറ്റാണെന്നാണ് ഹമാസിന്റെ വാദം