വില്പനയ്ക്കായി കുളിമുറിയിൽ സൂക്ഷിച്ച വിദേശമദ്യം പിടിച്ചു,ഒരാൾ അറസ്റ്റിൽ

Saturday 08 November 2025 1:28 AM IST

നെടുമങ്ങാട്: തേമ്പാമൂട് ഭാഗത്ത് നടന്ന എക്സൈസ് റെയ്ഡിൽ അര ലിറ്ററിന്റെ 31 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പ്രതി പിടിയിൽ.തേമ്പാമൂട് കുന്നിക്കോട് റോട്ടുവിള വീട്ടിൽ നിസാറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യവില്പന നടത്തി കിട്ടിയ 6,000 രൂപയും കണ്ടെടുത്തു.നിസാറിനെ പിടികൂടിയതറിഞ്ഞ് വില്പയ്ക്കായി ഇയാൾക്ക് മദ്യമെത്തിച്ച് നൽകിയ തേമ്പാമൂട് അൽഫിയ മൻസിലിൽ നവാസ് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ നവാസിന്റെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഒളിപ്പിച്ചിരുന്ന 24 കുപ്പി മദ്യം പിടിച്ചെടുത്തത്. കേസിൽ നവാസ് രണ്ടാം പ്രതിയാണ്. ദിവസവും 1,000 രൂപ കൂലി നൽകിയാണ് ഇയാൾ നിസാറിനെ മദ്യവില്പനയ്ക്ക് നിറുത്തിയിരുന്നത്.

ചോദ്യംചെയ്യലിൽ നിസാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നവാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്.ഇയാൾ മുൻപ് പലതവണ മദ്യവില്പനയ്ക്ക് അറസ്റ്റിലായിട്ടുണ്ട്.അടുത്ത കാലത്തായി തേമ്പാമൂടും പരിസരവും മദ്യപശല്യം സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും നവാസിന്റെ മദ്യക്കച്ചവടത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ മഹേഷ്,നജിമുദീൻ,പ്രശാന്ത്,സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ നിസാറിനെ റിമാൻഡ് ചെയ്തു.