ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയ രണ്ടുസ്ത്രീകൾ അറസ്റ്രിൽ

Saturday 08 November 2025 3:07 AM IST

കഴക്കൂട്ടം: സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം കെ.ആർ.ആർ എ 192 ഫെഡ് ഫോർട്ടിൽ രഹ്ന (40),സുഹൃത്ത് മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം മംഗലശേരിയിൽ ജയസൂര്യ (41) എന്നിവരാണ് അറസ്റ്രിലായത്.

കഴിഞ്ഞദിവസം കഴക്കൂട് അറസ്റ്രിലായ യുവതികൾ ജില്ലയിൽ പലഭാഗത്തും തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന എസ്.പി.കെ ജോബ് കൺസൾട്ടൻസി വഴിയാണ് തൊഴിൽ തട്ടിപ്പ് നടത്തിയത്. സ്റ്റേഷൻ കടവ് സ്വദേശിയായ യുവതിയിൽ നിന്നും 8 ലക്ഷവും കീരിക്കാട് സ്വദേശിയായ യുവാവിൽ നിന്നും യു.കെയിലെ കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 4 ലക്ഷവും ഇവർ തട്ടിയെടുത്തു.

ഇതുകൂടാതെ യു.കെയിൽ ജോബ് വിസ നൽകാമെന്ന് പറഞ്ഞ് വട്ടപ്പാറ സ്വദേശിയിൽ നിന്ന് 6 ലക്ഷവും കഴക്കൂട്ടം സ്വദേശിയിൽ നിന്നും സർക്കാർ സ്ഥാപനത്തിൽ ക്ളർക്കായി ജോലി നൽകാമെന്ന് പറഞ്ഞു ആറ് ലക്ഷവും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ രഹ്ന ബൈക്ക് റൈഡിങ്ങിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് റൈഡിങ് നടത്തിയ ആളാണ് രഹ്ന. മലയിൻകീഴ്,തമ്പാനൂർ,മംഗലപുരം,തൃശൂർ എന്നിവിടങ്ങളിൽ ജയസൂര്യയ്ക്കെതിരെ കേസുണ്ട്. തട്ടിപ്പുസംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഒളിവിൽ പോയ അവരെയും ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.