 ഡൽഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ 700ലേറെ സർവീസുകളെ ബാധിച്ചു,​ വലഞ്ഞ് യാത്രികർ

Saturday 08 November 2025 12:20 AM IST

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. ഇന്നലെ മാത്രം 700ലേറെ വിമാന സർവീസുകളെ ബാധിച്ചു. 50 മിനിട്ട് വരെ വൈകിയാണ് സർവീസ് നടത്തുന്നത്. ചില സർവീസുകൾ റദ്ദാക്കി. ഇതോടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി യാത്രക്കാർ വലഞ്ഞു.

ഇന്നലെ രാവിലെ 8.34 ഓടെയാണ് എ.ടി.സിയിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചത്. ഫ്ളൈറ്റ് പ്ലാനുകൾ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം (എ.എം.എസ്.എസ്) തകരാറാകുകയായിരുന്നു. പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഫ്ളൈറ്റ് പ്ലാനുകൾ മാന്വലായി അപ്‌ഡേറ്റ് ചെയ്യേണ്ടിവരുന്നതിനാലാണ് സർവീസുകൾ വൈകുന്നതെന്നും പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രവർത്തിക്കുകയാണെന്നും എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ (എ.എ.ഐ) അറിയിച്ചു.വിവരങ്ങൾക്കായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ സർവീസുകൾ വൈകുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തിൽ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഡൽഹിയിലേത്. പ്രതിദിനം ആയിരത്തിലധികം വിമാന സർവീസുകളാണ് ഇവിടെ നടത്തുന്നത്.

സൈബർ ആക്രമണ

സാദ്ധ്യത തള്ളി കേന്ദ്രം

സൈബർ ആക്രമണ സാദ്ധ്യത കേന്ദ്ര ഐ.ടി മന്ത്രാലയം തള്ളി. എ.ടി.സിയിൽ ഫ്ലൈറ്റ് പ്ലാനുകൾ അപ്‌ഡേറ്റാകാത്തതാണ് കാരണമെന്നും ഇത് സൈബർ ആക്രമണമല്ലെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും ഐ.ടി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ ഡിജിറ്റൽ സ്പൂഫിംഗ് ശ്രമം നടന്നിരുന്നു. തെറ്റായ സിഗ്നലുകൾ നൽകി വിമാനങ്ങളെ വഴിതെറ്റിക്കലാണ് സ്പൂഫിംഗ്.

എ.ടി.സി

വ്യോമാതിർത്തിയിലും വിമാനത്താവളങ്ങളിലും സുരക്ഷിതവും കാര്യക്ഷമവുമായി വിമാനങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമാണ് എ.ടി.സി. വിമാനത്തിന്റെ യാത്ര,​ സുരക്ഷിതമായ അകലം,​ കൂട്ടിയിടികൾ ഒഴിവാക്കുക,​ ടേക്ക് ഓഫ്,​ ലാൻഡിംഗ് തുടങ്ങിയ കാര്യങ്ങൾക്കുള്ള മാർഗ നി‌ർദ്ദേശങ്ങൾ നൽകുന്നത് എ.ടി.സിയാണ്. പൈലറ്റുമാർക്ക് ആവശ്യമുള്ളപ്പോൾ എ.ടി.സി നിർദ്ദേശങ്ങൾ നൽകുന്നു.

കൊച്ചിയിലേക്കുള്ള

വിമാനങ്ങൾ വൈകി

പ്രശ്നത്തെത്തുടർന്ന് ഡൽഹയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ വൈകി. വ്യാഴാഴ്ച രാത്രി 10.15ന് കൊച്ചിയിലെത്തേണ്ട ജയ്‌പൂർ വിമാനം രണ്ട് മണിക്കൂർ വൈകിയാണെത്തിയത്. പുലർച്ചെ 3.20ന് എത്തേണ്ട പൂനെ വിമാനം രാവിലെ 5.05നും 9.20ന് എത്തേണ്ട ഡൽഹി വിമാനം 10.40നുമാണെത്തിയത്. 8.15ന് വരേണ്ട ബഹ്റൈനിൽ നിന്നുള്ള വിമാനം ഉച്ചയ്ക്ക് 2.50ആയി. വൈകി​ട്ട് 3.10ന് വരേണ്ടിയിരുന്ന ദുബായ് വിമാനം എത്തിയപ്പോൾ പുലർച്ചെ നാലരയായി.