ബീഹാറിൽ റെക്കാഡ് പോളിംഗ്: മെച്ചം ആർക്കെന്നതിൽ ആകാംക്ഷ
ന്യൂഡൽഹി: ബീഹാറിൽ വ്യാഴാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ റെക്കാഡ് പോളിംഗ് രേഖപ്പെടുത്തിയത് ഏതുമുന്നണിക്ക് മെച്ചമാകുമെന്നതിൽ ആകാംക്ഷ. 121 മണ്ഡലങ്ങളിലായി 64.66 ശതമാനം വോട്ടാണ് പോൾ ചെയ്‌തത്. സ്ത്രീ വോട്ടുകൾ കൂട്ടത്തോടെ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ ക്യാമ്പ്. സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ നിതീഷ് കുമാർ സർക്കാർ കൈമാറിയത് മെച്ചമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ റെക്കാഡ് വോട്ടുകൾ നിതീഷ് കുമാർ സർക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്ന് മഹാസഖ്യം പറയുന്നു. സ്ത്രീകൾക്ക് വർഷം തോറും 30,000 രൂപ നൽകുമെന്ന തങ്ങളുടെ വാഗ്ദാനം വോട്ടായി മാറിയിട്ടുണ്ടെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. കന്നിവോട്ടർമാർ മഹാസഖ്യത്തിനൊപ്പമാണ്. തൊഴിലിനും ഭരണമാറ്റത്തിനും യുവാക്കൾ വോട്ടു ചെയ്‌തുവെന്നും കൂട്ടിച്ചേർത്തു.
പരാതികളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
ആദ്യഘട്ട വോട്ടെടുപ്പിൽ ഒരു പോളിംഗ് സ്റ്റേഷനിൽ പോലും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരിടത്തും റീ പോൾ ആവശ്യമുയർന്നില്ലെന്നും വ്യക്തമാക്കി. നവംബർ 11നാണ് രണ്ടാംഘട്ടം വോട്ടെടുപ്പ്. 122 മണ്ഡലങ്ങൾ ബൂത്തിലെത്തും. 14ന് വോട്ടെണ്ണും.