കൊച്ചുകരിക്കകം പാലം നിർമ്മാണം പ്രഖ്യാപനത്തിലൊതുങ്ങി
പാലോട്: തകർന്ന് തരിപ്പണമായി പാലോട് വിതുര പെരിങ്ങമ്മല റോഡിലെ കൊച്ചുകരിക്കകം പാലം. ലക്ഷങ്ങൾ ചെലവിട്ട് 2024 ജൂലായിൽ നവീകരിച്ച പാലത്തിനാണ് ഈ ഗതികേട്.
ഡി.കെ.മുരളി എം.എൽ.എ മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തെ തുടർന്ന് 2024 ഒക്ടോബർ 17ന് പാലം പുനർനിർമ്മിക്കുന്നതിനായി 5.22 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. എന്നിട്ടും നടപടി ഉണ്ടായില്ല. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ പോകുന്നത്. ഏതുനിമിഷവും പാലം നിലം പൊത്താവുന്ന നിലയിലാണ്.
മലയോര ഹൈവേ നിർമ്മാണമാണ് പാലത്തിന്റെ തകർച്ച പൂർണ്ണമാക്കിയത്. പാലത്തിന്റെ അസ്ഥിവാരം തകർന്നു. വലിയ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടുകൾ നിറഞ്ഞു. ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായി. മലയോരഹൈവേ പദ്ധതിയിലുൾപ്പെടുത്തി കൊച്ചുകരിക്കകം പാലം പുനർനിർമ്മിക്കുമെന്നായിരു
നിലംപൊത്താവുന്ന സ്ഥിതിയിൽ
മലയോരഹൈവേയുടെ നാലാം റീച്ചിലുൾപ്പെടുന്നതാണ് കൊച്ചുകരിക്കകം പാലം. വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മലയോരഹൈവേയിലെ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളിലൊന്നാണിത്. ഒരുവാഹനത്തിന് കഷ്ടിച്ച് പോകാനുള്ള ഇടമേ പാലത്തിലുള്ളൂ. പഴയപാലം പൊളിച്ചുമാറ്റി പുതിയപാലം നിർമ്മിക്കുമെന്നാണ് പൊതുമരാമത്ത് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ റോഡ് നിർമ്മാണം തുടങ്ങി എട്ട് വർഷം പിന്നിടുമ്പോൾ പുതിയ പാലത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ മിണ്ടാട്ടമില്ല. ചായം പൂശി പുറംമോടിയിലാണ് പാലം ഇപ്പോൾ സ്ഥിതിചെയ്യുന്നത്. അടിത്തറ പൊളിഞ്ഞ പാലം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
യാത്ര അപകടകരം
പാലത്തിന്റെ ഇരുവശങ്ങളിലും റോഡ് നിർമ്മാണവും നിറുത്തി വച്ചിരിക്കുകയാണ്. ഇക്ബാൽ കോളേജ്, സ്കൂളുകൾ, മറ്റനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് ഇവിടം. നിരവധി സ്‌കൂൾ ബസ്സുകൾ ഈ പാലത്തിലൂടെ അപകടകരമായാണ് യാത്ര ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസുകളുമായി നൂറിലധികം വണ്ടികളും ഓടുന്നുണ്ട്. പൊന്മുടിയാത്രയ്ക്കും ആശ്രയം ഈ പാലമാണ്.